സാമ്പത്തിക സെന്‍സസിന് ജില്ലയില്‍ തുടക്കമായി
ഏഴാമത് സാമ്പത്തിക സെന്‍സസിനു ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസ് ഇത്തവണ പൂര്‍ണമായും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണു നടത്തുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല കോമണ്‍സര്‍വീസ് സെന്ററുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
മൂന്നു മാസത്തിനകം സെന്‍സസ് പൂര്‍ത്തിയാക്കും. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സാമ്പത്തിക ഘടകങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ), ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക് (ഡി.ഇ.എസ്) എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് സെന്‍സസ് നടത്തുന്നത്. ഡി.ഇ.എസ്. ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ശാലിനി, എന്‍.എസ്.ഒ(നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസര്‍) മാത്യു വര്‍ഗീസ്, അഡിഷണല്‍ ജില്ലാ ഓഫീസര്‍ ചാക്കോ വര്‍ഗീസ്, റിസര്‍ച്ച് ഓഫീസര്‍ ആര്.രാധാകൃഷ്ണന്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പി.സി സന്തോഷ് കുമാര്‍, സി.എസ്.സി ജില്ലാ മാനേജര്‍ ടിന്റു മാത്യു, എസ്.സിജു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments