Skip to main content

സ്വപ്നം സഫലമായതിന്‍റെ ആഹ്ലാദത്തില്‍ ഈരാറ്റുപേട്ടയില്‍ 545 കുടുംബങ്ങള്‍

ലൈഫ് മിഷന്‍ മുഖേന ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ സുരക്ഷിതമായ വീട് സ്വന്തമായത് 545 കുടുംബങ്ങള്‍ക്ക്. ഇന്നലെ അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ഗുണഭോക്താക്കള്‍  ഒത്തു ചേര്‍ന്നു. 

പി.സി ജോര്‍ജ്ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  മാണി സി.കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവുമധികം വീടുകള്‍ (141) നിര്‍മിച്ച തിടനാട് ഗ്രാമപഞ്ചായത്തിനെ തോമസ് ചാഴികാടന്‍  എം.പി ആദരിച്ചു.

ഒന്നാം ഘട്ടത്തില്‍ 59 വീടുകളും രണ്ടാം ഘട്ടത്തില്‍ 496 വീടുകളും പി.എം.എ.വൈ പദ്ധതിയില്‍ 52 എണ്ണവുമാണ് നിര്‍മിച്ചത്. പൂഞ്ഞാര്‍ - 52, മേലുകാവ് -52, മൂന്നിലവ് - 96, പൂഞ്ഞാര്‍ തെക്കേക്കര - 62, തലപ്പലം-50, തീക്കോയി - 57, തലനാട് - 35  എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തു തിരിച്ചുള്ള കണക്ക്.
 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രേംജി, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, എഡിസി ജനറല്‍ ജി. അനീസ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, ജനപ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്‍റെ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി   17 വകുപ്പുകളുടെ  സഹകരണത്തോടെ നടത്തിയ അദാലത്തില്‍ ലഭിച്ച 191 അപേക്ഷകളില്‍ തത്സമയം നടപടി സ്വീകരിച്ചു. ലീഡ്  ബാങ്ക് ഒരുക്കിയ സ്റ്റാളില്‍ പുതിയ അക്കൗണ്ട് തുറക്കുന്നതിനും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനും കുറഞ്ഞ ചെലവില്‍ ചേരാവുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതിനും  സൗകര്യമൊരുക്കിയിരുന്നു

date