ലൈഫ് മിഷന്‍: വാഴൂര്‍ ബ്ലോക്കില്‍ 350 വീടുകള്‍ പൂര്‍ത്തിയായി.
സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫ് മുഖേന വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 350 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 70 വീടുകളും രണ്ടാം ഘട്ടത്തിലെ 209 വീടുകളും പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള 41 വീടുകളും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ അനുവദിച്ച വീടുകളില്‍ പണി പൂര്‍ത്തിയാകാതെ ഉപേക്ഷിച്ച 30 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായാണ് പൂര്‍ത്തീകരിച്ചത്.
സര്‍ക്കാര്‍ ധനസഹായത്തിനു പുറമെ സഹകരണ ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഭവന നിധി രൂപീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.
ബ്ലോക്കിനു കീഴിലുള്ള ആറു ഗ്രാമ പഞ്ചായത്തുകളില്‍ ചിറക്കടവിലാണ് ഏറ്റവുമധികം വീടുകള്‍ നിര്‍മ്മിച്ചത്- 83 എണ്ണം. ഏറ്റവും കുറവ് വെള്ളാവൂരാണ്- 36 വീടുകള്‍. നെടുംകുന്നം - 40, വാഴൂര്‍- 63, കറുകച്ചാല്‍ - 67, കങ്ങഴ - 61 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളില്‍ നിര്‍മിച്ച വീടുകളുടെ എണ്ണം.
വാഴൂര്‍ ബ്ലോക്കിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ജനുവരി 14ന് രാവിലെ 10 ന് വാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ ഗ്രാമ പഞ്ചായത്തിന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പുരസ്കാരം സമ്മാനിക്കും.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന അദാലത്തില്‍ 18 വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കും.
(കെ.ഐ.ഒ.പി.ആര്‍-79/2020)
- Log in to post comments