പ്രവാസികളുടെ ആയിരം സഹകരണ സംഘങ്ങൾ സ്ഥാപിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാനത്ത് പ്രവാസികൾക്കായി ആയിരം സഹകരണ സംഘങ്ങൾ സ്ഥാപിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശൂർ ജില്ലാ എൻ.ആർ.ഐ സർവ്വീസ് സഹകരണ സംഘം തളിക്കുളം ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വില്ലേജിലും പ്രവാസികളുടെ ഒരു സഹകരണ സംഘം എന്നതാണ് നയം. നിരവധി വർഷം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തി ജീവിക്കേണ്ടി വരുന്നവർക്ക് വരുമാനം കണ്ടെത്താനുള്ള ഒരു മാർഗം എന്ന നിലയ്ക്കാണ് ഈ സഹകരണ സംഘങ്ങൾ ആരംഭിക്കുന്നത്. കേരളം ഈ വിധം വികസിച്ചതിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. അവർക്ക് വേണ്ട പരിഗണന നൽകണമെന്ന ആഗ്രഹമാണ് ലോക കേരള സഭയിലൂടെ യാഥാർഥ്യമാകുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നാം കൂട്ടായ്മയോടെ മുന്നോട്ട് പോകണം. പൗരത്വ നിയമം എങ്ങനെ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് മനസിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
സംഘം പ്രസിഡന്റ് പി.ആർ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ആദ്യ നിക്ഷേപം സ്വീകരിക്കൽ ജെ.കെ മേനോനും ആദ്യ ലോക്കർ താക്കോൽ ദാനം എം.എ.ഹാരിസ് ബാബുവും നിർവഹിച്ചു. സംഘം സെക്രട്ടറി കെ.പി.ഗായത്രി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ഇ.പി.കെ.സുഭാഷിതൻ, അഡ്വ.കെ.എച്ച്.അബ്ദുൾ സമദ്, വി.കെ.സലിം, വി.എൻ.രണദേവ് എന്നിവർ സംസാരിച്ചു.
- Log in to post comments