Skip to main content

വിയ്യൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പ് ശിലാസ്ഥാപനം ജനുവരി 18 ന്

വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷൻ ഹോമിനോട് അനുബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ സ്ഥാപിക്കുന്ന പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം ജനുവരി 18 ന് ഉച്ചക്ക് 12 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിക്കും. തൃശൂർ ഷൊർണൂർ സംസ്ഥാന പാതയിൽ റോഡിന്റെ വലത് വശത്തായി വിയ്യൂർ ജയിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പമ്പിന്റെ നിർമ്മാണം നടക്കുക. 3 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാകും. വിതരണ ചുമതല ജയിൽ വകുപ്പിനാണ് നൽകിയിട്ടുള്ളത്. ജയിലിൽ നല്ലസ്വഭാവം പ്രകടിപ്പിക്കുന്ന തടവുകാരെയായിരിക്കും പെട്രോൾ പമ്പിൽ ജോലിക്ക് നിയോഗിക്കുക. ജയിൽ വകുപ്പും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ജയിലുകളിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. മേയർ അജിത വിജയൻ, ടി എൻ പ്രതാപൻ എം പി, ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജയിൽ ഡി ഐ ജി സാം തങ്കയ്യൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള ചീഫ് ജനറൽ വി സി അശോകൻ തുടങ്ങിയവർ പങ്കെടുക്കും. ഇതോടനുബന്ധിച്ചു നബാർഡിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

date