Skip to main content

റിപ്പബ്ലിക്ദിനം വിപുലമായി ആഘോഷിക്കും

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും. ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജനുവരി 26 ന് രാവിലെ 8.30 ന് പതാക ഉയർത്തും. വർണാഭമായ റിപ്പബ്ലിക് ദിന പരേഡും ഉണ്ടാകും. സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കൽ, കാർഗിൽ യുദ്ധത്തിൽ വീര ചരമമടഞ്ഞ ജവാൻമാരുടെ ഭാര്യമാരെ ആദരിക്കൽ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കും.

തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്ന് പരേഡ്, ദേശഭക്തി ഗാനം, ദേശീയഗാനം, ബാന്റ് എന്നിവയ്ക്ക് വിദ്യാർത്ഥികളെ സജജമാക്കും. എൻ സി സി കേഡറ്റുകൾ, സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. ജനുവരി 22, 23, 24 തിയതികളിൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ദിന പരേഡിന്റെ റിഹേഴ്സൽ നടക്കും. 800 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പരേഡും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ആഘോഷ ചടങ്ങായതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി. പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വാഹനസൗകര്യം, ലഘുഭക്ഷണം എന്നിവയും ഏർപ്പെടുത്തും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സബ്കമ്മിറ്റിയും രൂപീകരിച്ചു. ഇതിന്റെ അവലോകന യോഗം 23 ന് രാവിലെ 11 ന് എ ഡി എമ്മിന്റെ ചേംബറിൽ ചേരും.

date