Skip to main content

മലയാളികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിർണയിച്ച കലാരൂപമാണ് നാടകം - മന്ത്രി കടകംപിള്ളി സുരേന്ദ്രൻ

മലയാളികളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ നിർണയിച്ച, ജാതി ഭേദങ്ങളെ തകർത്തെറിയാൻ ചാലക ശക്തിയായി നിന്ന ഉത്തമ കലാ രൂപമാണ് നാടകമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. അരണാട്ടുകര ഡോ ജോൺ മത്തായി സെന്ററിൽ അന്താരാഷ്ട്ര തീയേറ്റർ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകങ്ങൾ എന്നും മലയാളിയുടെ പ്രിയപ്പെട്ട കലയാണ് നവോത്ഥാനകാലം മുതൽ മലയാള ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കലാരൂപം ഉണ്ടായിട്ടില്ല. ആസ്വാദനത്തിനപ്പുറമുള്ള സമര ഭാഷയാണ് നാടകത്തിന്റേത്. തികഞ്ഞ ജനാധിപത്യത്തിന്റെ പ്രതീകമാണത്. നാടകം എന്ന കലയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നും ഈ കലയെയും നാടക കലാകാരന്മാരെയും കൂടുതൽ അറിയണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിന്റെ ആദ്യ ഡയറക്ടറായിരുന്ന പ്രൊഫ ജി ശങ്കര പിള്ളയെയും, സഖാവ് സഫ്ദർ ഹാഷ്മിയെയും മന്ത്രി അനുസ്മരിച്ചു. ജനുവരി 13 മുതൽ 15 വരെയാണ് കോൺഫറൻസ്. ഈ ദിവസങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ നടക്കും. ഡോ ഷിബു എസ് കൊട്ടാരം, ശ്രീജിത്ത് രമണൻ, ഡോ ഷൈജൻ ഡേവിസ്, ഡോ എസ് സുനിൽ കുമാർ, പ്രസന്ന, ജയചന്ദ്രൻ പാലാഴി ഡോ. മണികണ്ഠൻ കെ തുടങ്ങിയവർ പങ്കെടുത്തു.

date