Skip to main content

ലൈഫ് മിഷന്‍: ശ്രീകൃഷ്ണപുരം ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും ഇന്ന്

 

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം വീടു നിര്‍മിച്ചു നല്‍കിയ ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും ഇന്ന് (ജനുവരി 14) നടക്കും. സംഗീതശില്പം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമം രാവിലെ 10 ന് പി.ഉണ്ണി എം.എല്‍.എ യും. തുടര്‍ന്ന് നടക്കുന്ന അദാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയും ഉദ്ഘാടനം നിര്‍വഹിക്കും.
ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിന് സഹായം നല്‍കുന്നതിനുപരി ഗുണഭോക്താക്കളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി മുന്നോട്ടു വെക്കുന്നതിന്റെ ഭാഗമായാണ് കുംടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് അദാലത്തിലൂടെ ലഭ്യമാകും. 18 സര്‍ക്കാര്‍ സേവനങ്ങളാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക്തല അദാലത്ത് വഴി നല്‍കുന്നത്. വൈദ്യുതി, വെള്ളം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍, ഗ്യാസ്, പട്ടയം, ചികിത്സ, തൊഴില്‍ തുടങ്ങി നിരവധി സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് അദാലത്തില്‍ സ്റ്റാളുകളും ഒരുക്കുന്നതാണ്.

ജില്ലയില്‍ ലൈഫ് പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച പ്രഥമ ബ്ലോക്ക് പഞ്ചായത്ത് ശ്രീകൃഷ്ണപുരമാണ്. ബ്ലോക്കിനു കീഴില്‍ രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 444 ഗുണഭോക്താക്കളില്‍ 320 പേരുടെയും  പി.എം.എ.വൈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 306 പേരില്‍ 273 പേരുടെയും വീട് നിര്‍മാണം പൂര്‍ത്തീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അറിയിച്ചു. എഴുനൂറോളം കുടുംബങ്ങളാണ് ബ്ലോക്ക്തല കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച ഗ്രാമ പഞ്ചായത്തുകളെയും പദ്ധതി നിര്‍വ്വഹണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും പരിപാടിയില്‍ ആദരിക്കും.

എം.എല്‍.എമാരായ പി.കെ.ശശി, കെ.വി.വിജയദാസ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date