Skip to main content

കൊപ്പത്ത് പാലിയേറ്റീവ്-തെറാപ്പി സെന്റര്‍ ഉദ്ഘാടനം ഇന്ന്

 

 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് കൊപ്പത്ത് നിര്‍മ്മിച്ച തെറാപ്പി സെന്ററിന്റെയും പാലിയേറ്റീവ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് (ജനുവരി 14) നടക്കും.
കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാലിയേറ്റീവ് സെന്റര്‍ രാവിലെ 10 ന് വി.കെ ശ്രീകണ്ഠന്‍ എം.പിയും തെറാപ്പി സെന്റര്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയും ഉദ്ഘാടനം നിര്‍വഹിക്കും.

കെട്ടിട നിര്‍മ്മാണത്തിനായി 33 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. നിലവിലുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചാണ് പുതിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വൃക്കരോഗികള്‍, കിടപ്പിലായ രോഗികള്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരുടെ ചികിത്സയ്ക്കും വീട്ടില്‍ പോയി ചികിത്സ ലഭ്യമാക്കാനും സാധ്യമാകും.

തെറാപ്പി സെന്ററിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്. സെന്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തുകയും ബ്ലോക്ക് പഞ്ചായത്താണ് അനുവദിക്കുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഹിയറിങ് തെറാപ്പി എന്നിവയ്ക്കുള്ള സൗകര്യമാണ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് തെറാപ്പിസ്റ്റുകളെയാണ് നിയമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഇതുവരെ അഞ്ഞൂറിലധികം ഉപകരണങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. ചികിത്സ കൂടാതെ ഈ ഉപകരണങ്ങളുടെ സര്‍വീസിങും സെന്ററില്‍ ചെയ്യും. ഭിന്നശേഷിക്കാര്‍ക്കായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 70 മുച്ചക്ര വാഹനങ്ങളും ഒന്നര ലക്ഷം രൂപവീതം വിലവരുന്ന അഞ്ച് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. എം മുഹമ്മദലി അധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

പട്ടാമ്പിയില്‍ ഭിന്നശേഷി കലാകായിക മേളയും കുടുംബ സംഗമവും സംഘടിപ്പിച്ചു

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലാ കായികമേളയും കുടുംബ സംഗമവും പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂര്‍, മുതുതല, പരുതൂര്‍, കൊപ്പം, തിരുവേഗപ്പുറം, വിളയൂര്‍, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായാണ് മേള സംഘടിപ്പിച്ചത്. ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തതായും ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും അദ്ദേഹം അറിയിച്ചു. കാലുകള്‍ കൊണ്ട് വരച്ച ചിത്രം വിറ്റുലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത പ്രണവ് ആലത്തൂര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഫീന ഷുക്കൂര്‍, പഞ്ചായത്ത് അംഗങ്ങളായ സുനിത രാജന്‍, ജുസ്‌ന, കെ കെ എ അസീസ്, മെമ്പര്‍മാരായ കമ്മുക്കുട്ടി എടത്തോള്‍, ശബ്‌ന, പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസര്‍ എല്‍ സിന്ധു, അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ ബി എസ് സുമ തുടങ്ങിയവര്‍ പങ്കെടുത്തു.

date