Skip to main content

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിന് ദേശീയ അംഗീകാരം

 

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ (എന്‍.ബി.എ) അംഗീകാരം ലഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മികച്ച ഉന്നത നിലവാരം പുലര്‍ത്തുന്ന കോളേജിനുള്ള അംഗീകാരമാണിത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികവ് ഉറപ്പാക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് എന്‍.ബി.എ. കോളേജിലെ ക്ലാസ്സുകള്‍, ലബോറട്ടറികള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വിദഗ്ധര്‍ നേരിട്ട് പരിശോധിക്കുകയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗുണനിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തിയതിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത്. കോളേജിലെ അധ്യാപക- അനധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ ചരിത്ര നേട്ടമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നിവയ്ക്ക് മൂന്നുവര്‍ഷത്തേക്കാണ് ദേശീയ അംഗീകാരം ലഭിച്ചത്.
കോളേജിലെ എല്ലാ സൗകര്യങ്ങളും മെച്ചപ്പെടുത്തുവാനും സാങ്കേതിക സെമിനാറുകളും കോണ്‍ഫറന്‍സും നടത്തുവാനും എ.ഐ.സി.ടി.യില്‍ നിന്നും  ഇതര ഗവ.വകുപ്പുകളില്‍ നിന്നും കൂടുതല്‍ ധനസഹായം ലഭിക്കാന്‍ അക്രെഡിറ്റേഷന്‍ വഴിയൊരുക്കും.

date