Skip to main content
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  ആന്റോ ആന്റണി എം.പി നിര്‍വഹിക്കുന്നു. 

റോഡ് സുരക്ഷ നമ്മുടെ സുരക്ഷയായി കാണണം:  ആന്റോ ആന്റണി എം.പി

റോഡ് സുരക്ഷ എന്നത് നമ്മുടെ സുരക്ഷയ്ക്കായുള്ളതാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിച്ച 31-ാമത് ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാഹനാപകടങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ കൊലയാളി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ പകുതിയിലധികം അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. റോഡ് സുരക്ഷ പാലിക്കും എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഓരോ വര്‍ഷവും നാലായിരത്തോളം പേര്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നും എന്നാല്‍ ആരും ഇതു ശ്രദ്ധിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.  റോഡ് സുരക്ഷ എന്നതു കുറച്ചുകൂടി ഉത്തരവാദിത്തപരമായി കാണേണ്ട കാര്യമാണെന്നും ജില്ലാ കളക്ടര്‍ അധ്യക്ഷ പ്രസംഗത്തില്‍  പറഞ്ഞു.

ജനുവരി 11 മുതല്‍ 17 വരെയാണു മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ വാരാചരണം നടത്തുന്നത്. റോഡ് സുരക്ഷ, ജീവന്‍രക്ഷ എന്നതാണു വാരാചരണത്തിന്റെ സന്ദേശം. റോഡ് അപകടങ്ങള്‍ ഇല്ലാതാക്കുക, നല്ല റോഡ് സംസ്‌കാരം പ്രചരിപ്പിക്കുക, റോഡ് നിയമങ്ങളെപ്പറ്റി എല്ലാവരേയും അവബോധമുള്ളവരാക്കിത്തീര്‍ക്കുക തുടങ്ങിയവയാണു വാരാചരണത്തിന്റെ ലക്ഷ്യം.

 പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പി. ജോസഫ്, പത്തനംതിട്ട ആര്‍.ടി.ഒ: ജിജി ജോര്‍ജ്, പത്തനംതിട്ട ജോയ്ന്റ് ആര്‍.ടി.ഒ: സി.എസ് സന്തോഷ് കുമാര്‍,  അടൂര്‍ ജോയ്ന്റ് ആര്‍.ടി.ഒ: സി.ശ്യാം, പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ റോഷന്‍ സാമുവേല്‍, കാതോലിക്കേറ്റ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആര്‍.രേഖ, സജിത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

date