സുരക്ഷാ കവചങ്ങള്‍ നിര്‍ബന്ധമാക്കിയത് ഗുണം കാണുന്നു: ആര്‍ ടി ഒ
ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടങ്ങളില്‍പെട്ടിരുന്നത്്. എന്നാല്‍ പിന്‍സീറ്റില്‍ കൂടി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ വാഹനാപകട നിരക്കില്‍ ഗണ്യമായ മാറ്റം വന്നതായി ആര്‍ടിഒ വി വി മധുസൂദനന്‍. 2019 ലെ കണക്ക് പ്രകാരം 2255 അപകടങ്ങളിലായി 239 പേര്‍ മരണപ്പെടുകയും 2760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ അപകടങ്ങളുടെ തോതില്‍ കാര്യമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 65 ശതമാനവും ഇരുചക്ര വാഹനങ്ങളാണുള്ളത്. അപകടം സംഭവിക്കുന്നതില്‍ 30 ശതമാനത്തോളം ഇരുചക്രവാഹനങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ കവചങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അപകടത്തിന്റെ തീവ്രത ഇല്ലാതാക്കുന്നുണ്ട്. ജനങ്ങളില്‍ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിച്ച് കൊണ്ട് ജീവന്‍ രക്ഷാര്‍ത്ഥം നിയമങ്ങള്‍ പാലിക്കാനുള്ള സ്ഥിതി ഉണ്ടാവണമെന്നും ആര്‍ ടി ഒ പറഞ്ഞു.
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി നാല്‍പതിനായിരത്തോളം ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിയുന്നത്. എന്നാല്‍ നിസ്സാരമെന്നു തോന്നാവുന്ന മുന്‍ കരുതലുകള്‍ എടുത്താല്‍ ഇത്തരം അപകടങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. സുരക്ഷാ കവചങ്ങളെ അസൗകര്യമായി കാണാതെ സ്വന്തം ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ഉപയോഗിക്കണമെന്നും പിഴയില്‍ നിന്നും ശിക്ഷാ നടപടികളില്‍ നിന്നും തലയൂരാനുള്ള ഉപാധിയായി മാത്രം ഹെല്‍മെറ്റിനെ കാണരുതെന്നും ആര്‍ ടി ഒ പറഞ്ഞു. ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കുക, കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുക, ലഹരിയില്‍ ഡ്രൈവ് ചെയ്യരുത് ഡ്രൈവിങ് ലഹരിയാക്കുകയും അരുത്, അമിത വേഗത, അമിത വെളിച്ചം, അമിത ശബ്ദം എന്നിവ ഒഴിവാക്കുക തുടങ്ങിയ സന്ദേശങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്.
- Log in to post comments