അന്യാധീനപ്പെട്ട വഖഫ് സ്വത്ത് വീണ്ടെടുക്കലില്‍ സംസ്ഥാനം പൂര്‍ണതയിലേക്ക്: മന്ത്രി ഡോ.കെ.ടി. ജലീല്‍
അന്യാധീനപ്പെട്ട വഖഫ് സ്വത്തുകള്‍ കണ്ടെത്തി സംരക്ഷിക്കുന്ന നടപടികള്‍ സംസ്ഥാനത്ത് പൂര്‍ണതയിലേക്കു നീങ്ങുകയാണെന്ന് ഹജ്ജ്, വഖഫ് കാര്യ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍. വഖഫ് ഭൂമികള്‍ കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ 60 ശതമാനവും പൂര്‍ത്തിയായി. 40 ശതമാനം സ്വത്തു കണ്ടെത്തുന്ന സര്‍വേ നടപടികള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. വഖഫ് സ്വത്തുക്കള്‍ കണ്ടെത്തി സംരക്ഷിക്കുന്നതില്‍ പൂര്‍ണ നേട്ടം കൈവരിച്ച സംസ്ഥാനമായി കേരളം ഇതോടെ മാറുമെന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് അപേക്ഷകളിലെ നറുക്കെടുപ്പു നിര്‍വഹിക്കാനെത്തിയ മന്ത്രി വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ വഖഫ് ഭൂമികളും മറ്റു സ്വത്തുക്കളും അന്യാധീനപ്പെട്ട അവസ്ഥക്കാണ് മാറ്റം വരുന്നത്. വഖഫ് ഭൂമിയടക്കം ക്രമ വിരുദ്ധമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വീണ്ടെടുക്കുന്ന സ്വത്ത് വഖഫ് ബോര്‍ഡിന്റെ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സായി പരിവര്‍ത്തിപ്പിക്കും. ഇതുവഴി ലഭിക്കുന്ന അധിക പണം വഖഫ് ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments