സ്‌കൂള്‍ ശൗചാലയങ്ങള്‍ ഇനി ക്ലീന്‍; ശുചീകരണ കിറ്റ് വിതരണം തുടങ്ങി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് മൂന്ന് ലക്ഷം രൂപയുടെ കിറ്റുകള്‍
സ്‌കൂള്‍ ശൗചാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികളുടെ ആദ്യപടിയായി ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്തു. ഒന്നരക്കോടി രൂപയുടെ ശുചീകരണ ഉപകരണങ്ങളാണ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കുമായി നല്‍കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മോപ്പ്, ചൂല്‍, ബ്രഷ്, ഗ്ലൗസ്, ഫിനോയില്‍, മറ്റ് ക്ലീനിങ്ങ് ഉല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ മികച്ച നിലവാരമുള്ള ശൗചാലയങ്ങള്‍ കണ്ടെത്താനായത് മൂന്ന് സ്‌കൂളുകളില്‍ മാത്രമായിരുന്നു. ആരോഗ്യപരിപാലനം, സുരക്ഷിതമായ വെള്ളം, ശുചിമുറികള്‍, വൃത്തിയുള്ള പരിസരം തുടങ്ങി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 71 വിദ്യാലയങ്ങളിലാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധന നടത്തിയത്. പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ അവസ്ഥ വളരെ ദയനീയമാണെന്നും കുട്ടികളുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന രീതിയില്‍ അശ്രദ്ധമായാണ് പല സ്‌കൂളുകളും ശൗചാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു. ചില സ്‌കൂളുകള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്‌കൂളുകളിലും ആവശ്യത്തിന് ശൗചാലയങ്ങളോ അത് വൃത്തിയാക്കാനാവശ്യമായ സംവിധാനങ്ങളോ ഇല്ല. ആണ്‍ കുട്ടികള്‍ക്ക് ശൗചാലയ സംവിധാനങ്ങളില്ലാത്ത സ്‌കൂളുകള്‍ വരെ ജില്ലയിലുണ്ടെന്നും കണ്ടെത്തിയിരുന്നു. ശൗചാലയ ശുചീകരണത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്നതായിരുന്നു പല സ്‌കൂളുകളുടെയും പരാതി. ഇതിനെത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ഫിനോയില്‍, ഫ്‌ലോര്‍ ക്ലീനര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശുചീകരണ കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികളുടെ പഠനം മാത്രമല്ല അവരുടെ ആരോഗ്യവും ജില്ലാ പഞ്ചായത്ത് ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ജാനകി ടീച്ചര്‍, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, പി വിനീത, കെ പി ചന്ദ്രന്‍, സണ്ണി മേച്ചേരി, അന്‍സാരി തില്ലങ്കേരി, ഫിനാന്‍സ് ഓഫീസര്‍ സതീഷ് ബാബു, ഡിഡിഇ ടി പി നിര്‍മ്മലാ ദേവി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments