ഭവനരഹിതരില്ലാത്ത കേരളം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും ആ ലക്ഷ്യത്തില്‍ ഏറെ മുന്നേറാന്‍ ഇതിനകം സാധിച്ചതായും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ കോര്‍പറേഷന്‍ പ്രദേശങ്ങളിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമവും അദാലത്തും മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിര്‍മാണം പാതിവഴിയിലായ വീടുകളുടെ പണി പൂര്‍ത്തീകരിച്ച ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലും, സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന രണ്ടാം ഘട്ടത്തിലുമായി ഇതിനകം 467 വീടുകളാണ് കോര്‍പറേഷനില്‍ നിര്‍മാണം പൂര്‍ത്തിയായത്. ഭൂമിയും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ഛയും നിര്‍മിച്ചുനല്‍കുന്ന ലൈഫ് മൂന്നാംഘട്ടത്തിനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേഷന്‍ പരിധിയില്‍ 591 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതിനു പുറമെ 350 വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ സുമ ബാലകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ വീട് ലഭിച്ചവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അദാലത്തും കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കോര്‍പറേഷനു പുറമെ, ലീഡ് ബാങ്ക്, കുടുംബശ്രീ, അക്ഷയ കേന്ദ്രം, ഫിഷറീസ്, പട്ടികജാതി-പട്ടിക വര്‍ഗ വികസനം, വ്യവസായം, സാമൂഹ്യനീതി, ക്ഷീരവികസനം, വനിതാശിശുവികസനം, റവന്യൂ, ശുചിത്വമിഷന്‍ തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളും അദാലത്തില്‍ ലഭ്യമാക്കി.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സ്റ്റാറ്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ അഡ്വ. ടി ഒ മോഹനന്‍, വെള്ളോറ രാജന്‍, കെ ജെമിനി, അഡ്വ. പി ഇന്ദിര, സി സീനത്ത്, സി കെ വിനോദ്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ സി സമീര്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. ലിഷ ദീപക്, സെക്രട്ടറി ഡി സാജു തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പറേഷനിലെ പിഎംഎവൈ-ലൈഫ് ഭവന പദ്ധതികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ടി എം ശ്രീജിത്ത്, പി വി റജിത്ത്, എ സി ബാബു, കെ ജയചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
- Log in to post comments