ഉത്തരവാദ ടൂറിസം നാടിന് ആവശ്യം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ജില്ലയിൽ എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിനായി കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ സ്ഥാപിക്കുന്ന ടൂറിസം ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തറക്കല്ലിട്ടു. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കലും അവരുടെ
സുരക്ഷ ഉറപ്പുവരുത്തലും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവാദ ടൂറിസം പ്രാദേശിക സമൂഹങ്ങൾ വഴി ഉറപ്പ് വരുത്തണം. മലനാട് റിവർ ക്രൂയിസ് ടൂറിസം, തലശ്ശേരി പൈതൃക ടൂറിസം തുടങ്ങിയ പദ്ധതികൾ കണ്ണൂരിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും. കണ്ണൂർ അന്താരാഷട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ വിദേശ വിമാന സർവീസുകൾ ആരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തി വരുന്നു. അഴീക്കൽ തുറമുഖം യാഥാർഥ്യമാക്കാനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹം ചടങ്ങിൽ പറഞ്ഞു. കണ്ണൂരിന്റെ തനതായ തെയ്യം കലാരൂപത്തെയും കൈത്തറി മേഖലയെ പരിചയപ്പെടുത്തുന്നതായി ഒരു മ്യൂസിയം ഇൻഫർമേഷൻ കേന്ദ്രത്തോട് ആരംഭിക്കുന്നതിന് പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിന്റെ വളർന്നു വരുന്ന ടൂറിസം സാധ്യതകളെ പരിഗണിച്ചുകൊണ്ടാണ് കണ്ണൂരിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ കേന്ദ്രം ആരംഭിക്കുന്നത്. തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്താൻ ഇൻഫർമേഷൻ കേന്ദ്രം സഹായകരമാവും.
2 കോടി രൂപ മുതൽ മുടക്കിലാണ് ഇൻഫർമേഷൻ കേന്ദ്രം സ്ഥാപിക്കുന്നത്. എക്സിബിഷൻ സെന്റർ, ഇന്റർപ്രട്ടേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, ശുചിത്വമുറികൾ, കഫെറ്റീരിയ എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇൻഫർമേഷൻ കേന്ദ്രം.ഊരാളുങ്കൽ സൊസൈറ്റിയാണ് കെട്ടിടം നിർമിക്കുന്നത്.
കോർപ്പറേഷൻ കൗൺസിലർ അഡ്വ ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി മുരളീധരൻ, കോർപറേഷൻ കൗൺസിലർ ഇ ബീന, എൻ ചന്ദ്രൻ, യു ബാബുഗോപിനാഥ്, ഡി ടി പി സി മാനേജർ സി സജീവൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ശ്രീനിവാസൻ കെ സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
- Log in to post comments