മഹാത്മാവിന്റ ഓര്‍മകളിലലിഞ്ഞ് പയ്യന്നൂര്‍; ചരിത്ര പ്രദര്‍ശനം തുടങ്ങി
സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഓര്‍മകളും ശേഷിപ്പുകളും നിലനില്‍ക്കുന്ന പയ്യന്നൂരില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയിട്ട് 86 വര്‍ഷങ്ങള്‍. സന്ദര്‍ശനത്തിന്റെ 86ാം വാര്‍ഷികാഘോഷവും ചരിത്രരേഖ സെമിനാറും പ്രദര്‍ശനവും തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായും മഹാത്മാ ഗാന്ധിയുമായും അഭേദ്യ ബന്ധമുണ്ട് പയ്യന്നൂരിന്. അത്രയും ആത്മബന്ധമുള്ള ഭൂമി കേരളത്തില്‍ വേറെയില്ല. ഓര്‍ക്കാനും ഓര്‍മിക്കാനുമുള്ള ചരിത്രമുഹൂര്‍ത്തങ്ങള്‍ ഇവിടെയുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഐതിഹാസിക സമര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിന്റെ സമരവീര്യം മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നും ചരിത്രം പഠിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യൂസിയം നിര്‍മാണത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതികള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന് 2.44 കോടി രൂപയുടെ ഭരണാനുമതി ഈ വര്‍ഷം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1934 ജനുവരി 12നാണ് അയിത്തോച്ഛാടന പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി പയ്യന്നൂരില്‍ എത്തിയത്. പയ്യന്നൂരിലെ രാഷ്ട്രീയ സാമൂഹ്യ നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ ഓര്‍മ പുതുക്കിയാണ് ജനുവരി 12ന് തന്നെ ഇത്തരത്തിലൊരു ചരിത്ര പ്രദര്‍ശനം ഒരുക്കിയത്. സംസ്ഥാന പുരാവസ്തു പുരാരേഖ വകുപ്പുകളുടെ സഹകരണത്തോടെ കേരള ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചത്.
പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി നിലനിര്‍ത്തുന്ന പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. മ്യൂസിയത്തിലേക്കാവശ്യമായ പുരാവസ്തു ശേഖരണ പ്രവര്‍ത്തനങ്ങളുടെ സര്‍വെ നടത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി വിശിഷ്ടാതിഥിയായി. പയ്യന്നൂര്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, മ്യൂസിയം വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള, പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് കെ പി സധു തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
- Log in to post comments