ളാലം ബ്ലോക്ക് ലൈഫ് സംഗമത്തില്‍ പങ്കെടുത്തത് 211 കുടുംബങ്ങള്‍
ളാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ലൈഫ് മിഷന്‍ മുഖേന വീടു ലഭിച്ചവരുടെ സംഗമത്തില്‍ 211 കുടുംബങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് അദാലത്തും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതി തുക വിനിയോഗം ഊര്‍ജ്ജിതമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് നല്‍കുന്ന മോട്ടോറൈസ്ഡ് വീല്‍ ചെയറുകളുടെ വിതരണോദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ആറു പേര്‍ക്ക് വീല്‍ ചെയറുകള്‍ നല്‍കി.
ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഏറ്റവുമധികം വീടുകള്‍ പൂര്‍ത്തിയായത് കടനാട് ഗ്രാമപഞ്ചായത്തിലാണ് - 52 എണ്ണം. കരൂര്‍ - 50, കൊഴുവനാല്‍ -35, ഭരണങ്ങാനം-27, മീനച്ചില്‍-27, മുത്തോലി-20 എന്നിങ്ങനെയാണ് മറ്റു ഗ്രാമപഞ്ചായത്തുകളില്‍ നിര്‍മിച്ച വീടുകളുടെ എണ്ണം.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പൗളിറ്റ് തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ തോമസ് ജോര്‍ജ് (കൊഴുവനാല്‍), ജയ്സണ്‍ പുത്തന്‍കണ്ടം (കടനാട്), സാബു എ. തോമസ് (ഭരണങ്ങാനം), ഓമന ബാലകൃഷ്ണന്‍ (കരൂര്‍), അഡ്വ. ജിസ്മോള്‍ തോമസ് (മുത്തോലി), ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ബാബു എറയണ്ണൂര്‍, സിബി ജോര്‍ജ് ഓടയ്ക്കല്‍ , പ്രീതി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments