പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാടിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തണം: മുഖ്യമന്ത്രി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ സര്‍ക്കാരിനോടൊപ്പം നാടിന്റെ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിനു നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാലയങ്ങളെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് മാത്രമായി ഉപയോഗിച്ചാല്‍ പുരോഗതി നേടാന്‍ കഴിഞ്ഞെന്നു വരില്ല. അവിടെയാണ് നാടിന്റെ പങ്കാളിത്തം ആവശ്യമായി വരിക എന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകരും, രക്ഷാകര്‍ത്താക്കളും, പൂര്‍വ വിദ്യാര്‍ഥികളും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് ഓരോ നാടിന്റെയും പൊതു വിദ്യാലയങ്ങളെ മെച്ചപ്പെടുത്തണം. കിഫ്ബി യില്‍ നിന്നും ലഭിക്കുന്ന തുക തിരികെ നല്കാന് സര്‍ക്കാരിനു ബാധ്യത ഉണ്ട്. പൊതു വിദ്യാലയങ്ങളെ മികവിലേക്കുയര്‍ത്താന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം. നാടിന്റെ പങ്കാളിത്തം കുറഞ്ഞു വരുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു.പലയിടത്തും ഇന്റര്‍നെറ്റ് നിരോധിക്കുന്ന കാലത്താണ് നമ്മള് ഇന്റര്‍നെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിക്കുന്നതും ഉപയോഗിക്കുന്നതും. കേരളത്തിലെ പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും ലൈബ്രറികളിലും വീടുകളിലും കുറഞ്ഞ നിരക്കില്‍ വൈ ഫൈ സൗകര്യം ലഭ്യമാവുകയാണ്. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. കുട്ടികളുടെ പഠനം അനായാസമാക്കുകയും അവരില്‍ സാങ്കേതിക മികവ് ഉറപ്പു വരുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ മികച്ച അക്കാദമിക നിലവാരമുള്ള കുട്ടികളോട് കിടപിടിക്കുന്നവരായി നമ്മുടെ കുട്ടികളെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സര പരീക്ഷകളിലും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്കി.
കിഫ് ബി അനുവദിച്ച 3 കോടി രൂപയിലാണ് സ്കൂളിന് പുതിയ അഡ്മിനിസ്ട്രേറ്റീവ് പ്ലസ് ലാബ് ബ്ലോക്ക്, 4 ക്ലാസ് മുറികള്‍ 2 ഓഫീസ് റൂം, സ്റ്റാഫ് റൂം, റസ്റ്റ് റൂം, പ്രിന്‍സിപ്പല്‍സ് റൂം, കോണ്‍ഫറന്‍സ് റൂം, ഐടി ലാബ്, ലാംഗ്വേജ് ലാബ്, 2 ടോയ് ലറ്റ് ബ്ലോക്കുകള്‍ ,ചുറ്റുമതില്‍ എന്നിവ നിര്‍മ്മിച്ചത്. മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന ആദ്യത്തെ മുന്നൂറ്റി എഴുപതു വിദ്യാലയങ്ങളില്‍ ഒന്നാണ് വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ വികസന സമിതി അധ്യക്ഷന്‍ പി ബാലന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ കെ സുരേന്ദ്രന്, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മട്ടന്നൂര്‍ നഗരസഭ അധ്യക്ഷ അനിത വേണു, ജില്ലാ പഞ്ചായത്ത് അംഗം പി ഗൗരി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ കെ ഹേമലത, വിവിധ ജനപ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments