പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക നിലവാരത്തിലും മികവ് കൈവരിക്കാനായി: മുഖ്യമന്ത്രി
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ മാത്രമല്ല അക്കാദമിക രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാറിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പാലയാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹൈസ്‌കൂള്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ക്കൊപ്പം ക്ലാസ് മുറികള്‍ ഹൈടെക്കായി മാറി. ഇത് അക്കാദമിക നിലവാരത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളില്‍ അഞ്ച് ലക്ഷത്തിലേറെ കുട്ടികള്‍ കൂടുതലായെത്തിയത് ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി വിജയിപ്പിക്കുന്നതില്‍ അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. വിദ്യാലയങ്ങളെ പുരോഗതിയിലേക്കുയര്‍ത്തുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പിടിഎകള്‍ക്ക് കഴിയണം. സ്‌കൂളിന്റെ വളര്‍ച്ചയില്‍ താല്‍പര്യവും കഴിവും ഉള്ളവരായിരിക്കണം സമിതിയില്‍ ഉണ്ടാവേണ്ടത്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചാണ് ഹൈസ്‌കൂളിനായി പുതിയ കെട്ടിടം പണിയുന്നത്. എന്നാല്‍ അതോടൊപ്പം ചുരുങ്ങിയത് ഒന്നേകാല്‍ കോടി രൂപയെങ്കിലും ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിക്കാനാവണം. സ്‌കൂളിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം. സ്‌കൂളുകളെ മികവുറ്റതാക്കുന്നതില്‍ ജനങ്ങളില്‍ നിന്നുള്ള സഹായം വളരെ പ്രധാനമാണെന്നും അത് ഉറപ്പുവരുത്താന്‍ അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ക്ലാസുകള്‍ ഹൈടെക്കാവുകയും സാങ്കേതികസംവിധാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തതു കൊണ്ട് മാത്രം എല്ലാം ആയെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലത്തിന്റെ മാറ്റമുള്‍ക്കൊണ്ട് വിദ്യാര്‍ഥികളെ നയിക്കാന്‍ യോഗ്യരായ അധ്യാപകര്‍ പ്രധാന ഘടകമാണ്. അതിന് അവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഇക്കാര്യത്തിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പംനിന്ന് പ്രവര്‍ത്തിക്കാനുള്ള ശേഷി രക്ഷാകര്‍തൃ സമിതികള്‍ക്കുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ കെ നാരായണന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, ധര്‍മടം പഞ്ചായത്ത് പ്രസിഡണ്ട് സി പി ബേബി സരോജ, ഡിഡിഇ ടി പി നിര്‍മലാ ദേവി, പ്രിന്‍സിപ്പല്‍ കെ താഹിറ, ജനപ്രതിനിധികള്‍, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments