Skip to main content
ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഭവനത്തിന് മുന്നില്‍ ഗൗരിക്കുട്ടിയമ്മ.

മനം നിറഞ്ഞ സന്തോഷത്തില്‍ മന്ത്രിയെ സ്വീകരിച്ച് ഗൗരിക്കുട്ടിയമ്മ

ഒറ്റമുറിയില്‍ നിന്നും മനോഹരമായ വാര്‍ക്ക വീട്ടിലേക്ക് മാറിയതിന്റെ സന്തോഷ നിര്‍വൃതിയില്‍ 72 പിന്നിട്ട ഗൗരിക്കുട്ടിയമ്മ മന്ത്രി എം.എം.മണിക്ക് പനിനീര്‍ പൂവ് നല്കി സ്വീകരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ കുടുംബ സംഗമവേദിയാണ് ഈ സുന്ദരനിമിഷത്തിന് സാക്ഷ്യം വഹിച്ചത്. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഗുണഭോക്താവാണ് തെങ്ങനാമണ്ണില്‍ ഗൗരിക്കുട്ടിയമ്മ.  ഉദ്ഘാടന വേദിയില്‍ അതിഥികളെ സ്വീകരിക്കാനുള്ള അവസരം ഓരോ പഞ്ചായത്തില്‍ നിന്നും ലൈഫില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഗുണഭോക്താക്കള്‍ക്ക് നല്കാന്‍ സംഘാടക സമിതി തീരുമാനിച്ചതിനാലാണ് ഗൗരിക്കുട്ടിയമ്മക്ക് മന്ത്രിയെ സ്വീകരിക്കാന്‍ കഴിഞ്ഞത്. ഇരട്ടയാര്‍ ചേലയ്ക്കല്‍ കവലയിലുള്ള ഇടുങ്ങിയ ഒറ്റമുറിയില്‍ ഗൗരിക്കുട്ടിയമ്മയും കൊച്ചുമകള്‍ പാര്‍വ്വതിയും കഴിഞ്ഞുകൂടിയത് അഞ്ച് വര്‍ഷത്തോളമാണ്. സ്വന്തമായി സ്ഥലമുണ്ടെങ്കിലും അതിലൊരു സുരക്ഷിത ഭവനം എന്ന ഈ അമ്മയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് ലൈഫ് പദ്ധതിയാണ്. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച നാല് ലക്ഷം രൂപയും തൊഴിലുറപ്പിന്റെ 90 സേവന ദിനങ്ങളും പ്രയോജനപ്പെടുത്തി രണ്ട് മുറികളും ഹാളും അടുക്കളയും ബാത്ത് റൂമും അടങ്ങുന്ന മനോഹരമായ കൊച്ചുവീട് പൂര്‍ത്തീകരിച്ചപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത് പുതു ജീവിതം തന്നെയാണ്.
പുതിയ വീടിന്റെ ഐശ്വര്യമെന്നോണം  കൊച്ചുമകളുടെ വിവാഹവും ഉടന്‍ തന്നെ കഴിഞ്ഞു. ഇപ്പോള്‍ ഒറ്റയ്ക്കാണെങ്കിലും അടച്ചുറപ്പുള്ള വീട് നല്കുന്ന സംരക്ഷണത്തിന്റെ ആശ്വാസവും സന്തോഷവും ഗൗരിക്കുട്ടിയമ്മയുടെ മുഖത്ത് നിറഞ്ഞു നില്ക്കുന്നു.
 

date