Skip to main content

മുസിരിസിന്റെ ചരിത്ര കഥകളും വഴികളും തേടിയൊരു പൈതൃക നടത്തം

ചരിത്രം ഉറങ്ങുന്ന മുസിരിസിന്റെ പെരുമകളും കഥകളും തേടിയുള്ള പൈതൃക നടത്തത്തിന് തുടക്കമായി. പഴയ തുറമുഖ പട്ടണത്തിന്റെ പെരുമയെക്കുറിച്ച് പറഞ്ഞും ചർച്ച ചെയ്തും കോട്ടപ്പുറം കോട്ടയിലൂടെ അവർ നടന്നു. വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസകും ചേർന്നപ്പോൾ നടത്തം ശ്രദ്ധേയമായി. ക്ലാസ് മുറികളിൽ നിന്ന് ചരിത്രത്തിലേയ്ക്കുള്ള നടത്തം കൂടിയായി മുസിരിസ് പൈതൃക പദ്ധതി സംഘടിപ്പിച്ച 'പൈതൃക നടത്തം'. ചരിത്രത്തെ തേടിയുള്ള നടത്തത്തിൽ കൊടുങ്ങല്ലൂരിന്റെ കേട്ടു മറന്ന കഥകളും ഇതുവരെ കേൾക്കാത്ത ചരിത്ര സത്യങ്ങളും അവർ പങ്കുവെച്ചു. കൊടുങ്ങല്ലൂരിലെത്തിയ അന്യനാട്ടുകാർ കൊടുങ്ങല്ലൂരുകാരായി മാറിയ ചരിത്രം. പൈതൃക നടത്തം എന്നു പേരിട്ട പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പങ്കാളികളായി. കോട്ടപ്പുറം സെന്റ് ആൻസ്, കൊടുങ്ങല്ലൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, ഗവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മന്ത്രിയുമായി സംവാദത്തിനെത്തിയത്. സംവാദത്തിനിടയിൽ മന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ വിദ്യാർത്ഥികൾക്ക് 'മറന്നാലും മായില്ല കനാലുകൾ' എന്ന പുസ്തകവും സമ്മാനമായി നൽകി. മന്ത്രിയുമായുള്ള സംവാദത്തിനിടയിൽ തങ്ങൾ കണ്ടും കേട്ടുമറിഞ്ഞത് കൊടുങ്ങല്ലൂരിന്റെയും ചരിത്രമായിരുന്നുവെന്ന് അവർ മനസ്സിലാക്കി. ചരിത്ര പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ മുസിരിസിന്റെ കഥകളിലൂടെയുള്ള യാത്ര അവർക്ക് പുതുമയായി. നാടിന്റെ പഴയകാല പ്രൗഢിയെക്കുറിച്ച് അവർ സംശയം പങ്കുവെച്ചു. കോട്ടയിലെ പുരാതന അവശിഷ്ടങ്ങളും ശേഷിപ്പുകളും അത്ഭുതത്തോടെ നോക്കി. കോട്ട നിർമ്മിച്ചത് പോർച്ചുഗീസുകാരാണെന്ന് തോമസ് ഐസക്കിന്റെ ചോദ്യത്തിന് ആവേശത്തോടെ മറുപടി നൽകി. എന്നാൽ പൊളിച്ചത് ടിപ്പു സുൽത്താൻ അല്ല, സുൽത്താന് മുമ്പ് ഡച്ചുകാരാണെന്ന ചരിത്രം ആദ്യമായി കേട്ട അമ്പരപ്പിൽ കുട്ടികൾ ഇരുന്നു. ചേരമാൻ പള്ളി, പാലിയം കൊട്ടാരം, ജൂത സിനഗോഗുകൾ, പട്ടണം എന്നീ സ്മാരകങ്ങളെക്കുറിച്ചും നാട്ടിൽ നടന്ന ഭൂസമരം, അയിത്തോച്ചാടനം തുടങ്ങിയ സാമൂഹ്യ പരിഷ്‌ക്കരണങ്ങൾ, സ്വാതന്ത്ര്യസമര സേനാനികൾ, എഴുത്തുകാർ എന്നിവയെക്കുറിച്ചുള്ള അറിവ് മന്ത്രിയും, ചരിത്രകാരനും തീരദേശ പൈതൃക പദ്ധതി ഡയറക്ടറുമായ പ്രൊഫ കേശവൻ വെളുത്താട്ടും ചേർന്ന് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും ആ ദേശത്തിന്റെ സ്ഥലവും ചരിത്രവും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.
മുസിരിസ് മേഖലയുടെ ചരിത്ര പ്രാധാന്യം കേരളത്തിലെ വിദ്യാർഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി മുസിരിസ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചത്. അനൗചാരക ചരിത്ര പഠനോപാധി എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കോട്ടപ്പുറം കോട്ടയിൽ ധനകാര്യ-കയർ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവ്വഹിച്ചത്. കോട്ടപ്പുറം കോട്ടയിൽ നിന്നാരംഭിക്കുന്ന നടത്തം പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ എല്ലാ ചരിത്രസ്മാരകങ്ങളെയും സന്ദർശിച്ച് മനസ്സിലാക്കാൻ ഉതകുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2020ൽ ഒരു ലക്ഷം വിദ്യാർഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചരിത്രപരമായ അറിവുകളിലേക്ക് കുട്ടികളെ നയിക്കുന്ന ഇത്തരമൊരു പദ്ധതി സമാനതകളില്ലാത്തതാണ്. ജ്യൂത സിനഗോഗ്, കോട്ടപ്പുറം കോട്ട, പാലിയം കോട്ട, പാലിയം നാലുകെട്ട് ഉൾപ്പെടെയുള്ള മുസിരിസ് പട്ടണത്തിലൂടെയുള്ള യാത്രയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം വിവിധ ഭാഷകളിലുള്ള പ്രവർത്തന പുസ്തകങ്ങളും കളികളും എല്ലാം ഹെറിറ്റേജ് വോക്കിന്റെ ഭാഗമായി നടപ്പാക്കും. എംഎൽഎമാരായ വി.ആർ.സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രൊഫ ഡോ. കേശവൻ വെളുത്താട്ട്, കെ സി എച്ച് ആർ ചെയർമാൻ പ്രൊഫ മൈക്കിൾ തരകൻ, മുസിരിസ് പൈതൃക പദ്ധതി കൺസർവേഷൻ കൺസൾട്ടന്റ് ബെന്നി കുര്യാക്കോസ്, ഉപദേശക സമിതി അംഗം റൂബിൻ ഡിക്രൂസ്, മുസിരിസ് പ്രൊജക്ട് എംഡി പി.എം. നൗഷാദ് എന്നിവർ പങ്കെടുത്തു.

date