Skip to main content
പയ്യന്നൂർ ആർട്ട് ഗ്യാലറി ഉദ്ഘാടനം മന്ത്രി എ.കെ ബാലൻനിർവ്വഹിക്കുന്നു

സാംസ്‌കാരിക നവീകരണത്തിനുള്ള പ്രതിരോധ മരുന്നാണ് കലകള്‍: മന്ത്രി എ കെ ബാലന്‍ പയ്യന്നൂരില്‍ ലളിത കലാ അക്കാദമിയുടെ ആര്‍ട് ഗ്യാലറി തുറന്നു

എത്ര ലക്ഷങ്ങള്‍ കൊടുത്താലും ഭേദമാകാത്ത രോഗങ്ങളെ പ്രതിരോധിക്കുന്ന മരുന്നാണ് കല എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി സ്ഥാപിച്ച ആര്‍ട് ഗ്യാലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരികമായ നവീകരണത്തിന് നന്മയുടെ രൂപങ്ങളായി മനുഷ്യര്‍ മാറണം. സാംസ്‌കാരിക തലം രൂപപ്പെടുത്തുന്ന ആശയങ്ങളിലൂടെ മാത്രമെ അതു സാധ്യമാകൂ. കേരളത്തിന്റെ കലാ സാംസ്‌കാരിക മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിനു കഴിയുന്നുണ്ട്. നഗര കേന്ദ്രീകൃതമായിരുന്ന കേരള ലളിത കല അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളിലേക്ക് വന്നതോടെ അതിന്റെ ജനകീയത വര്‍ദ്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രകലാ ഗ്രാമങ്ങളും ആര്‍ട് ഗ്യാലറികളും ഉയര്‍ന്നു വരുന്നത് അതിന്റെ ഉദാഹരണമാണ്. ചിത്രകലാ പഠനം പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇ രംഗത്തെ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും വരുമാനവും ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരസഭയുടെ സഹകരണത്തോടെയാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ കേരള ലളിത കല അക്കാദമിയുടെ ആര്‍ട് ഗ്യാലറി തുറന്നത്. പയ്യന്നൂരിലെ ചിത്രകലാ കാരന്മാര്‍ക്ക് ഒത്തുകൂടുവാനും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാനുമുള്ള സ്ഥിര വേദിയായി ആര്‍ട് ഗ്യാലറി മാറും.ലളിതകലാ അക്കാദമിയുടെ 22-മത് ആര്‍ട് ഗ്യാലറിയാണ് പയ്യന്നൂരിലേത്. പയ്യന്നൂരും പരിസരങ്ങളിലുമുള്ള അന്‍പതോളം ചിത്രകാരന്മാരുടെ ഏകദിന ചിത്രകലാ ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ മന്ത്രി നോക്കിക്കണ്ടു.
സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ മുഖ്യാതിഥിയായി.  പയ്യന്നൂര്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ലളിതകല അക്കാദമി സെക്രട്ടറി പി വി ബാലന്‍, നഗരസഭ ഉപാധ്യക്ഷ കെ പി ജ്യോതി, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 

date