സേവനാവകാശ നിയമം: നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി
ദുരിതാശ്വസ സഹായങ്ങള്‍ സേവനാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും
സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളില്‍ 2012 ലെ സംസ്ഥാന സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പൊതുജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തു. നിയമസഭാ സമിതി ചെയര്‍മാന്‍ മുരളി പെരുനല്ലി എം.എല്‍.എയുടെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, ജി.എസ്. ജയലാല്‍, കെ.ഡി പ്രസേനന്‍ എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.
സേവനാവകാശ നിയമത്തെ കുറിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നും സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് കൃത്യമായി ചട്ടപ്രകാരമുള്ള കൈപ്പറ്റ് രശീത് നല്‍കണം. എല്ലാ ഓഫീസുകളിലും ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
റവന്യൂ വകുപ്പ് മുഖേന നല്‍കുന്ന അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ദുരിതാശ്വസ സേവനങ്ങള്‍, ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം തുടങ്ങിയ കാര്യങ്ങള്‍ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്യുമെന്ന് അംഗങ്ങള്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയവ പൗരാവകാശ രേഖയില്‍ ഉള്‍പ്പെട്ടതാണെങ്കിലും സേവനാവകാശ പരിധിയില്‍ കൂടി വരേണ്ടതാണെന്നും സമിതി അഭിപ്രായപ്പെട്ടു.
വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമത്തിനും അന്തിമ അപ്പീല്‍ പരിഗണിക്കുന്നതിന് ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്നും പിഴ തുക വര്‍ധിപ്പിക്കണമെന്നും തെളിവെടുപ്പിനിടെ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എം.എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പണവും ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പണവും 60 ാം വാര്‍ഷികാഘോഷ ഉദ്ഘാടനവും സമ്പൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും ഇന്ന് (ജനുവരി 16) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ലീല മുഖ്യമന്ത്രിക്ക് ഉപഹാര സമര്‍പ്പണം നടത്തും. യു.എല്‍.സി.സി പ്രസിഡണ്ട് രമേശന്‍ പാലേരിക്കും എഞ്ചിനീയര്‍മാര്‍ക്കും കെ മുരളീധരന്‍ എം.പി ഉപഹാരം നല്‍കും. മുന്‍ എം.എല്‍എ മാരായ ഏ.കെ പത്മനാഭന്‍ മാസറ്റര്‍, കെ കുഞ്ഞമ്മത് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി സതി, ജില്ലാ പഞ്ചായത്ത് അംഗം എ,കെ ബാലന്‍, വിവിധ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.എം അബ്ദുളള നന്ദിയും പറയും.
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയില്‍
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും.ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍വഹിക്കും. പഞ്ചായത്ത് തലത്തിലും തുള്ളിമരുന്ന് വിതരണോദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍വാടികളിലുമായി 2193 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 55 ബൂത്തുകളും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായി തുള്ളിമരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് 54 മൊബൈല്‍ ബൂത്തും സജ്ജീകരിച്ചു. മേള, ഉത്സവം എന്നിവ നടക്കുന്നയിടങ്ങളിലായി തയ്യാറാക്കിയ നാല് ബൂത്തും ഉള്‍പ്പെടെ 2306 ബൂത്തുകളാണ് ജില്ലയില്‍ ഞായറാഴ്ച തുളളിമരുന്ന് വിതരണത്തിനായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുക.
ലൈഫ് ഗുണഭോക്തൃ ജില്ലാസംഗമം ഇന്ന് ;
13394 വീടുകളുടെ പ്രഖ്യാപനം നടത്തും
സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷന്‍ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം ഇന്ന് (ജനുവരി 16)ടാഗോര്‍ സെന്റിനറി ഹാളില്‍ നടത്തും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലൈഫ് ഒന്ന്, രണ്ട് ഘട്ടത്തിലും ലൈഫ് പി.എം.എ.വൈ(ഗ്രാമീണ്‍, അര്‍ബന്‍) ഭവന പദ്ധതികളിലും നിര്‍മാണം പൂര്‍ത്തീകരിച്ച 13394 ഭവനങ്ങളുടെ പ്രഖ്യാപനമാണ് നടക്കുക.
ലൈഫ് മിഷന്‍, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം സ്വന്തമായി വീടു ലഭിച്ച ഗുണഭോക്തക്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതിനും മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ പൂര്‍ത്തീകരിച്ച രണ്ട് ലക്ഷം വീടുകളുടെ പ്രഖ്യാപനം 26 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതല സംഗമം.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.പിമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍ മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും മെമ്പര്‍, കൗണ്‍സിലര്‍മാരും ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട ഓരോ ഗുണഭോക്താവും സംഗമത്തില്‍ പങ്കെടുക്കും. ലൈഫ് മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംഗമത്തില്‍ അനുമോദിക്കും.
- Log in to post comments