Skip to main content

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു 

ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കായംകുളം എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടി യു. പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗക്കാര്‍ സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. മികവുറ്റ  പ്രവര്‍ത്തനങ്ങളിലൂടെ ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരണം. ഇത്തരം ഉപകരണങ്ങളുടെ വിതരണം ഭിന്നശേഷിക്കാരുടെ സാമൂഹിക മാനസിക ജീവിതത്തിന്റെ പുരോഗതിക്ക് കാരണമാകുമെന്ന് എംഎല്‍എ പറഞ്ഞു. കായംകുളം നഗരസഭ ഉപാധ്യക്ഷ ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. കേന്ദ്ര എംപ്ലോയ്മെന്റ് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ജോര്‍ജ് ഫ്രാന്‍സിസ് എം.എ മുഖ്യപ്രഭാഷണം നടത്തി. 

 

കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി രൂപീകരിച്ച സാമാജിക് അധികാരിത ശിവിര്‍ പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടം, ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, ജില്ല സാമൂഹിക നീതി ഓഫീസ്, നാഷണല്‍ കരീര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ് ഏബിള്‍ഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് 

 

ആലപ്പുഴയില്‍ നടന്ന ഭിന്നശേഷി ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത അറുന്നൂറോളം പേര്‍ക്കാണ്  സൗജന്യമായി ഉപകരണങ്ങള്‍ നല്‍കിയത്. കാഴ്ച്ചപരിമിതര്‍, ബധിരര്‍, സംസാര ശേഷിയില്ലാത്തവര്‍, സെറിബല്‍ പാള്‍സി ബാധിതര്‍ തുടങ്ങിയവര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ശ്രവണ സഹായികള്‍, ചക്രക്കസേരകള്‍, സ്ട്രെച്ചസ്, പൊയ്കാലുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലിംകോയ് കമ്പനിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. 

 

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസ് കേരള ജോയിന്റ് മാനേജര്‍ ജോര്‍ജ് ഫ്രാന്‍സിസ് എം.എ, റീജണല്‍ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കുമാര്‍, എന്‍സിഎസ് സിഡിഎ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ലൈജു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീബ ദാസ്, ഓമന അനില്‍, സാബു ജോസഫ് എ.ജെ, അലിംകോ അസിസ്റ്റന്റ് മാനേജര്‍ എ. ശിവകുമാര്‍, വസന്തരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 

date