Skip to main content
കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച പാലിയേറ്റീവ് സെന്റര്‍ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കുന്നു.

കൊപ്പത്ത് പാലിയേറ്റീവ്-തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച പാലിയേറ്റീവ് സെന്റര്‍ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പിയും തെറാപ്പി സെന്റര്‍ ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. എം മുഹമ്മദലി അധ്യക്ഷനായി.

കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 33 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരു കെട്ടിടങ്ങളും നിര്‍മിച്ചത്. നിലവിലുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചാണ് പുതിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വൃക്കരോഗികള്‍, കിടപ്പിലായ രോഗികള്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരുടെ ചികിത്സയ്ക്കും വീട്ടില്‍ പോയി ചികിത്സ ലഭ്യമാക്കാനും പാലിയേറ്റീവ് സെന്ററിലൂടെ സാധ്യമാകും.

മാനസിക -ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവരുടെ ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ആശയവിനിമയം സുതാര്യമാക്കാനും പഠന വൈകല്യങ്ങള്‍ അകറ്റാനും സഹായിക്കുന്ന തെറാപ്പി സെന്ററില്‍ അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തുകയും ബ്ലോക്ക് പഞ്ചായത്താണ് അനുവദിക്കുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഹിയറിങ് തെറാപ്പി എന്നിവ നല്‍കുന്നതിന്  മൂന്ന് തെറാപ്പിസ്റ്റുകളെ നിയമിക്കും. ചികിത്സ കൂടാതെ ഉപകരണങ്ങളുടെ സര്‍വീസിങും സെന്ററില്‍ ചെയ്യും.  

പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഫീന ഷുക്കൂര്‍, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമിത, പഞ്ചായത്ത് അംഗങ്ങളായ കെ കെ എ അസീസ്,  കമ്മുക്കുട്ടി എടത്തോള്‍, ശബ്ന, സുമ സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date