ദേവികുളം ബ്ലോക്കിനു കീഴില്‍ പൂര്‍ത്തിയായത് 1215 വീടുകള്‍
ദേവികുളം ബ്ലോക്കിനു കീഴില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ വീടുകള്‍ ലഭ്യമായത് 1215 കുടുംബങ്ങള്‍ക്ക്. ബ്ലോക്കിനു കീഴിലെ 9 പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് സുരക്ഷിതമായി ജീവിക്കാന്‍ ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിട്ടുള്ളത്. സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചതിന്റെ സന്തോഷം ഓരോ കുടുംബങ്ങളും പങ്കുവെയ്ക്കുന്നു. ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകള്‍ തിരിച്ച് പൂര്‍ത്തിയായ വീടുകളുടെ കണക്കുകള്‍ ഇങ്ങനെ. കാന്തല്ലൂര്‍ - 196, മറയൂര്‍ -299,മാങ്കുളം -254, ശാന്തന്‍പ്പാറ -99, വട്ടവട -198, മൂന്നാര്‍-52, ദേവികുളം - 56, ചിന്നക്കനാല്‍ -47, ഇടമലക്കുടി-14 എന്നിങ്ങനെയാണ് പൂര്‍ത്തിയായ വീടുകള്‍. കര്‍ഷകരും തോട്ടം തൊഴിലാളികളും സ്വയം തൊഴില്‍ ഉപജീവനമാര്‍ഗ്ഗമാക്കിയവരുമാണ് ഈ ഗുണഭോക്താക്കളില്‍ ഏറിയപേരും. ജനിച്ചപ്പോള്‍ മുതല്‍ വാടക വീടുകളില്‍ താമസിച്ചവരും ഈ കൂട്ടത്തിലുണ്ട്. രോഗാവസ്ഥയും അംഗവൈകല്യവും ജീവതത്തെ പിന്നോട്ട് വലിച്ചവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ പിന്തുണയോടെ വീടുകള്‍ യാഥാര്‍ത്ഥ്യമായ ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായൊരിടത്തില്‍ വിഷമങ്ങളും സങ്കടങ്ങളുമില്ലാതെ സാമൂഹ്യമായ കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാനും ഇനിമുതല്‍ കഴിയുമെന്ന സന്തോഷത്തോടെതന്നെയാകും ഇവര്‍ കുടുംബ സംഗമ വേദികളില്‍ എത്തുക.
- Log in to post comments