Skip to main content
പുല്ലുമേട്ടിലെ ഭക്ത ശതങ്ങൾക്ക് സായുജ്യം.

പുല്ലുമേടിനു സായുജ്യമേകി ജ്യോതി ദർശനം 

 

 

പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി മനം കുളിർക്കെ ദർശിച്ച് പുല്ലുമേട്ടിലെ ഭക്ത ശതങ്ങൾക്ക് സായുജ്യം.

സന്നിധാനത്ത് ദീപാരാധന നടക്കുന്ന അത്ര വേളയിൽ തെളിയുന്ന ജ്യോതി ദർശിക്കാൻ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നുറുകണക്കിന് ഭക്തരാണ് പുല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്.

തണുത്ത കാറ്റിനൊപ്പം അലയടിച്ച ശരണം വിളികൾ  മലനിരകളെ ഭക്തി സാന്ദ്രമാക്കി. ജ്യോതി ദർശനത്തിന് മണിക്കൂറുകൾക്കു മുമ്പുതന്നെ ഭക്തർ ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെ കുന്നിൻ മുകളിൽ ഇടം പിടിച്ചിരുന്നു.

ഇപ്രാവശ്യം സുഗമമായ ജ്യോതി ദർശനത്തിനായി ഭക്തർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ മേൽനോട്ടത്തിൽ റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പുകളും ഡി ഐ ജി കാളിരാജ് മഹേഷ് കുമാറിന്റെ മേൽനോട്ടത്തിലും ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ വിപുലമായ പൊലീസ് സന്നാഹവും എല്ലാ വിധ സഹായങ്ങളുമായി  രംഗത്തുണ്ടായിരുന്നു. കോഴിക്കാനത്തു നിന്ന് പുല്ലുമേട് വരെയുള്ള വനമാർഗത്തിൽ ഭക്തർക്കായി  വെള്ളവും വെളിച്ചവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ വൈദ്യ സഹായവുമായി വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിരുന്നു.

ജില്ലാ കളക്ടർ എച്ച് ദിനേശൻ, ഡിഐജി കാളിരാജ് മഹേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, എ ഡി എം ആന്റണി സ്ക്കറിയ , ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ്., പീരുമേട് തഹസിൽദാർ കെ.എം ഷാജിമോൻ ,ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രിയ ജോസഫ് തുടങ്ങിയവർ  ഏകോപന രംഗത്തുണ്ടായിരുന്നു.

 

 

 

date