Skip to main content

റേഷന്‍ കാര്‍ഡ് : അനര്‍ഹര്‍ ഒഴിവാകണം

 

 

 

 

കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീടുതലത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായവര്‍ മുന്‍ഗണനാ/ഏ ഏ.വൈ/കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്്.  

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്സി  ഒഴികെ), കുടുംബത്തിന് പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ക്ക് മുന്‍ഗണനാ / എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

 

സമൂഹത്തില്‍ താഴെ തട്ടിലുള്ള നിരാലംബര്‍ക്കും  ആദിവാസികള്‍ക്കും പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും മറ്റ് വരുമാന മാര്‍ഗ്ഗമില്ലാത്ത കാന്‍സര്‍, കിഡ്നി തുടങ്ങിയ ഗുരുതര അസുഖ ബാധിതര്‍ക്കും നിരാലംബയായ സ്ത്രീ വരുമാന സ്രോതസ്സായിട്ടുള്ളവര്‍ക്കും മാത്രമാണ് ഏ ഏ വൈ കാര്‍ഡിന് അര്‍ഹത. ഈ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ പിഴയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളും വിലയും മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിലേക്ക് അടവാക്കുന്നത്. എന്നിട്ടും അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുകള്‍ ഓഫീസില്‍ തിരിച്ചേല്‍പിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തുടരുന്നതായും തന്‍മൂലം പരാതികള്‍ വ്യാപകമാകുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം ഇത്തരം കാര്‍ഡുകള്‍ തിരിച്ചേല്‍പിച്ചിട്ടില്ലെങ്കില്‍ പ്രൊസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാവുമെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

പ്രോസിക്യൂഷന്‍ നടപടികള്‍ റേഷന്‍ കാര്‍ഡുടമയെ മാത്രമല്ല അംഗങ്ങളേയും ബാധിക്കുമെന്നതിനാല്‍ വിദേശത്ത് നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ  ജോലിക്കാര്‍ അംഗങ്ങളായുള്ള കാര്‍ഡുകള്‍, ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ സ്വന്തം മാതാപിതാക്കളുടെ പേരില്‍ സമ്പാദിച്ച മുന്‍ഗണനാ കാര്‍ഡുകള്‍ തുടങ്ങിയവ ഒരു മാസത്തിനകം ഓഫീസില്‍ തിരിച്ചേല്‍പിച്ച് തുകയടച്ച് അനന്തര നടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.  ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പെടുന്ന സബ്സിഡി (നീല) കാര്‍ഡുകള്‍ക്കും ഈ അറിയിപ്പ് ബാധകമാണ്.  

 

 

 

റോഡ് സുരക്ഷ :  സമാപന സമ്മേളനം ഇന്ന്

 

 

 

കോരള മോട്ടോര്‍ വാഹന വകുപ്പ് 31 ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം- 2020 സമാപന സമ്മേളനം ഇന്ന് (ജനുവരി 17) കിണാശ്ശേരി ഗ്രൗണ്ടില്‍ മുന്‍ കൗണ്‍സിലര്‍ ബീരാന്‍ കോയ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ് ബാബു അധ്യക്ഷനാകും. സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടി വി വിനീഷ് മുഖ്യ പ്രഭാഷണവും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എം. ഷബീര്‍ സമ്മാനദാനവും നിര്‍വ്വഹിക്കും.  അഷ്റഫ് നരിമുക്കില്‍, മഖ്ദുള്‍ ആശംസകള്‍ നേരും. ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം മാറ്റം യുവത്വത്തിലൂടെ. ഇതിനോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട്, കെവിആര്‍ മോട്ടോര്‍  സംയുക്തമായി ചേര്‍ന്നുകൊണ്ട്, സ്ലോ റേഴ്സ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. 16 വയസ്സിന് താഴെയുളള കുട്ടികള്‍ക്കുവേണ്ടി സ്ലോ ബൈസൈക്കിള്‍ റേസ്,  18 മുതല്‍ 25 വയസ്സ് വരെ പ്രായമുളള യുവതീയുവാക്കള്‍ക്കായി സ്ലോ മോട്ടാര്‍ സൈക്കിള്‍ റേസ്, അപകട ദൃശ്യങ്ങളും, ഓര്‍മ്മക്കുറിപ്പുകളും, നിയമാവലികളും ചേര്‍ത്തു കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ചിത്ര പ്രദര്‍ശനം, കലയും സംസ്‌കാരവും ഉള്‍ക്കൊളളിച്ചുകൊണ്ടുളള വാഹന പരിശോധന, ഗവ. വൊക്കേഷണല്‍ എച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, ഫ്ളാഷ് മോബ്, കൊളാഷ് മത്സരം എന്നിവയുമുണ്ട്. 

 

 

 

നിഷ് ഓണ്‍ലൈന്‍ സെമിനാര്‍

 

 

                                                                                 

നാഷണല്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സ്പീച്ച് ഹിയറിംഗ് (നിഷ്) 'പഠനപരിമിതിയുളള കുട്ടികളില്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക് എന്ന വിഷയത്തില്‍ ജനുവരി 18 ന് രാവിലെ 10.30  മുതല്‍ ഒരു മണി വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നടത്തും. 

സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.  പങ്കെടുക്കാനാ ഗ്രഹിക്കുവര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി രജിസ്റ്റര്‍ ചെയ്യണം.  നിഷ് കണസല്‍ട്ടന്റ് ഒക്യൂപേഷണല്‍ തെറാപ്പിസ്റ്റ് ആഗ്‌നസ് അന്ന മാത്യു ഓണ്‍ലൈന്‍ സെമിനാര്‍ നയിക്കും. ഫോണ്‍ നം: 04952378920.

 

date