Skip to main content

മകരവിളക്ക് മഹോത്സവം: മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി

ഇത്തവണത്തെ ശബരിമല മകരവിളക്ക് മഹോത്സവം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന്റെ അഭിമാനത്തിലാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്തനിവാരണ അതോറിട്ടി.  അടിയന്തരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ സാങ്കേതിക സഹായത്തോടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയും ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെയും ശബരിമല അഡിഷണല്‍ ഡിസ്ട്രിക്ക് മജിസ്ട്രേറ്റ് എന്‍.എസ്.കെ ഉമേഷിന്റെയും ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും പൂര്‍ണ മേല്‍നോട്ടത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
നൂതന സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങള്‍, ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുമായി ബന്ധിപ്പിക്കുന്ന ഹോട്ട് ലൈന്‍ തുടങ്ങിയവ ഏത് അടിയന്തര ഘട്ടങ്ങളെയും നേരിടാന്‍ ഒരുക്കിയിരുന്നു. വെരി ഹൈ ഫ്രീക്വന്‍സി റേഡിയോ, സാറ്റലൈറ്റ് ഫോണ്‍, ഹാം റേഡിയോ, ഓട്ടോമാറ്റിക്ക് ഇന്റലിജന്‍സ് ക്യാമറ സര്‍വെയ്ലന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ച 10 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു. ഇവരുടെ സഹായത്തിന് റവന്യൂ, വനം, പോലീസ്, ദേവസ്വം ബോര്‍ഡ്, ഫയര്‍ ഫോഴ്സ്, ആരോഗ്യം, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെയും സേവനവും ലഭ്യമാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദുരന്ത നിവാരണ ഉപകരണങ്ങള്‍, അസ്‌ക്കാ വിളക്കുകള്‍, സ്ട്രക്ച്ചര്‍, സേര്‍ച്ച് ലൈറ്റ്, പ്രത്യേകം തയാറാക്കിയ കയര്‍-ഏണി, മരുന്ന്, കുടിവെള്ളം തുടങ്ങിയവ കരുതിയിരുന്നു. സന്നിധാനത്ത് സേവനത്തിനായി അധികമായി രണ്ട് ആംബുലന്‍സും പമ്പയില്‍ മൂന്ന് ആംബുലന്‍സും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി സജ്ജമാക്കിയിരുന്നു.
അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിനായി ജില്ലയിലെ 13 സ്വകാര്യ ആശുപത്രികളിലെ ആംബുലന്‍സുകള്‍ ഇന്ന് ( 16) വരെ നിലയ്ക്കല്‍, ഇലവുങ്കല്‍, റാന്നി-പെരുനാട്, വടശേരിക്കര, പത്തനംതിട്ട ഇടത്താവളം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര ഘട്ടങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു തഹസില്‍ദാറുടെയും രണ്ടു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ 40 അംഗ റവന്യൂ ജീവനക്കാരെയും പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ വിഭാഗത്തില്‍ 48 മണിക്കൂര്‍ സേവനത്തിനു നിയോഗിച്ചിരുന്നു. അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും എല്ലാ താലൂക്ക് ഓഫീസുകളിലും ശബരിമലയുമായി ബന്ധപ്പെട്ട് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിച്ചു.

മകരവിളക്ക് ദര്‍ശിക്കുന്ന ളാഹ, പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കല്‍, അട്ടത്തോട്, അയ്യന്‍മല, നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ ഓരോയിടത്തും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിദാര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. മകരവിളക്ക് ദര്‍ശിക്കുന്ന പ്രധാന എട്ടു സ്ഥലങ്ങളിലും ബാരിക്കേഡ്, കുടിവെള്ളം, ലഘുഭക്ഷണം, വെളിച്ചം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പോലീസ്, ഫയര്‍ഫോഴ്‌സ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, വനം വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് സേവനങ്ങള്‍ ഒരുക്കിയത്. മകരവിളക്ക് ദര്‍ശിച്ച് മടങ്ങിയ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി ഇറക്കി സുരക്ഷിതമായി മടക്കി അയയ്ക്കുന്നതിന് ആവശ്യമായ എല്ലാവിധ ഏകോപന പ്രവര്‍ത്തനങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍വഹിച്ചു.
 

date