Skip to main content

അധിക ധനസഹായം ലഭിച്ചിട്ടും വീട് പണി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി  നടപടി :ജില്ലാ കളക്ടര്‍

ലൈഫ് മിഷന്റെ ഫെയ്‌സ് ഒന്നില്‍ അധികധനസഹായം ലഭിച്ചിട്ടും വീട്  പണി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി. നവ കേരളം കര്‍മ്മ പദ്ധതിയുടെ  പുരോഗതി വിലയിരുത്തുന്നതിന്  ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടറുടെ   പ്രത്യേക താല്‍പര്യപ്രകാരം കളക്ടറേറ്റിന് മുന്‍വശത്ത് നിര്‍മ്മിക്കുന്ന  ഓപ്പണ്‍ ജിമ്മിന് ആര്‍ദ്രം ജിം എന്ന പേര് നല്‍കും .നവകേരളം കര്‍മ്മ പദ്ധതിയുടെ നാല് മിഷന്റെയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയില്‍ പങ്കെടുക്കുന്നതിനും അത് സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശം നല്‍കി .ആര്‍ദ്രം മിഷന്റെ  ഭാഗമായി ഡോക്ടര്‍മാര്‍,നേഴ്‌സ്,പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കുന്നതിന്  പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും കളക്ടര്‍ നിര്‍ദേശിച്ചു. ലൈഫ്,ആര്‍ദ്രം,ഹരിത കേരളം,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകളുടെയും പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി.കാസര്‍കോട് വികസന പാക്കേജ്  സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍,ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രമണ്യന്‍,ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം വത്സന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ദിലീപ്കുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ മനോജ് കുമാര്‍, പി എയു പ്രെജക്ട് ഡയരക്ടര്‍ കെ പ്രദീപന്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ വി പുഷ്പ ,ജില്ലാ പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date