വോട്ടര്‍ പട്ടിക പുതുക്കല്‍: വിലയിരുത്താന്‍ നിരീക്ഷകന് ജില്ലയിലെത്തി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെത്തിയ വോട്ടര്‍ പട്ടിക നിരീക്ഷകനായ ധനകാര്യ(ചെലവ്) സെക്രട്ടറി സഞ്ജയ് കൗള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കളക്ടറുടെ ചേംബറില്‍ ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. വോട്ടര്‍ പട്ടികയിലേക്ക് പുതുതായി പേരു ചേര്‍ക്കാന്‍ ലഭിച്ച 7690 അപേക്ഷകളുള്‍പ്പെടെ തെറ്റ് തിരുത്തല്‍, ബൂത്ത് മാറ്റം, നീക്കം ചെയ്യല്‍ എന്നിവക്കായി ജില്ലയില്‍ ഇതുവരെ 16,019 അപേക്ഷകളാണ് ലഭിച്ചത്. എല്ലാ ബൂത്തുകളിലും ഉടന്‍ തന്നെ ബൂത്ത്ലെവല്‍ ഏജന്റുമാരെ നിയമിച്ച് വിവരം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണമെന്ന് ഒബ്സര്‍വര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. വോട്ടര്പട്ടികയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്, ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സുരേഷ് കുമാര്‍ ഷെട്ടി, കെ എ മുഹമ്മദ് ഹനീഫ്, കെ കുഞ്ഞിരാമന്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
മൊബൈല്‍ ആപ്പില്‍ അപേക്ഷിക്കാന്‍
കുടുംബാംഗത്തിന്റെ ഐഡിയും നല്‍കണം
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ വോട്ടര്‍ ഹെല്പ് ലൈനില്‍ അപേക്ഷിക്കുന്നവര്‍ കുടുംബാംഗത്തിന്റെ തെരഞ്ഞെടുപ്പ് ഐഡി വിവരങ്ങള്‍ നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു. ഇത് ഉദ്യോഗസ്ഥര്‍ക്ക് ബൂത്ത് കണ്ടെത്താന്‍ എളുപ്പമാക്കുകയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
- Log in to post comments