Skip to main content
കലക്ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണം-ജില്ലാ ആസൂത്രണ സമിതി

 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ നടപ്പിലാക്കുന്ന ക്ലീന്‍ പാലക്കാട് എന്ന സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകള്‍ക്കരികിലെ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന്  ജില്ലാ ശുചിത്വമിഷനുമായി ബന്ധപ്പെടാമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.  ജില്ലാ ശുചിത്വമിഷന്‍ കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റസ് അസോസിയേഷനുമായി സഹകരിച്ച് അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യും.
വരുംതലമുറ നേരിടുന്ന ഏറ്റവും വലിയ വിപത്തായി പ്ലാസ്റ്റിക്കിനെ കാണുകയും പ്ലാസ്റ്റിക് മൂലമുള്ള ദുരന്തങ്ങള്‍ നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഹരിതകേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ പറഞ്ഞു. ജനുവരി 21 , 22 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ശുചിത്വ സംഗമത്തിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്ലാസ്റ്റിക് നിരോധനത്തിന് നടപടികള്‍ എടുക്കുകയും വ്യാപാരികളുടെ യോഗം ചേരുകയും ചെയ്യണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍  വ്യക്തമായ അവബോധം നല്‍കുകയും ബദല്‍ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അറിവ് നല്‍കുകയും ചെയ്യണം.  കൂടാതെ ബോധവല്‍കരണ ക്യാമ്പയിനുകള്‍, ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം, വിപുലീകരണം എന്നിവയും തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ചെയ്യണം.
ജില്ലയില്‍ പ്രളയം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരന്തനിവാരണത്തിനായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഫെബ്രുവരി 15 നകം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണം.കാലാവസ്ഥാ, പരിസ്ഥിതി ദുരന്തനിവാരണത്തിനായി പ്രത്യേക കര്‍മസമിതി രൂപീകരിക്കുകയും ദുരന്തനിവാരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യണം.
  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ 2019-20 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ മുച്ചക്രവാഹന വിതരണം,  ദുരന്തനിവാരണം,  ഭാരതപ്പുഴ സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ ഗ്രാമമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി നടത്തിയാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടു വന്നാല്‍ ജില്ലയെ ബാലസൗഹൃദ പഞ്ചായത്ത് ആക്കിമാറ്റാം. വയോജനസൗഹൃദം, അഗതിരഹിതം എന്നിവയ്ക്കായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പിലാക്കും. ആസൂത്രണ സമിതി യോഗത്തില്‍ എഡിഎം ടി.വിജയന്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം സര്‍ക്കാര്‍ നോമിനി സോമശേഖരന്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, തട്ടേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date