സാധാരണക്കാരന് സ്വപ്നതുല്യമായ ജീവിതം സമ്മാനിച്ച് 'ലൈഫ്': മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു
മലമ്പുഴ ബ്ലോക്കിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഭൂമിയില്ലാത്ത സാധാരണക്കാരന് സ്വപ്നം മാത്രമായിരുന്ന വീട് യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയായ ലൈഫ് മിഷനാണെന്നും വീട് മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് പദ്ധതിയെ വേറിട്ടതാക്കുന്നതെന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു. കരിങ്കരപുള്ളി കൊടുമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ അധ്യക്ഷയായി. ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി 1046 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചത്.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പുതുശ്ശേരി പഞ്ചായത്തിനും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ മൂര്‍ത്തി, ഓരോ പഞ്ചായത്തിലും ആദ്യമായി ഭവനം പൂര്‍ത്തിയാക്കിയവര്‍, മറ്റ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, എന്നിവരെ ബ്ലോക്ക് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍ ആദരിച്ചു. ലൈഫ് മിഷന്റെ ബ്ലോക്ക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബ്ലോക്ക് സെക്രട്ടറി ടി. ഉമ്മര്‍ കൊങ്ങത്ത് സംസാരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റവന്യൂ വകുപ്പ്, സാമ്പത്തിക സാക്ഷരതാ കേന്ദ്രം, മഹിളാ കിസാന്‍ ശാക്തീകരണ്‍ യോജന, ലീഡ് ബാങ്ക്, ഐ.ടി വകുപ്പ്, ഹോമിയോപ്പതി കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്, എല്‍.പി.ജി ഏജന്‍സികള്‍, തുടങ്ങിയ വകുപ്പുകളും ഏജന്‍സികളും പ്രത്യേക കൗണ്ടറുകളില്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളും സഹകരണവും ഉറപ്പാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഡി. സഹദേവന്‍, കെ രാജലക്ഷ്മി, കെ ഉണ്ണികൃഷ്ണന്‍, കെ. ശൈലജ, പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സി. ഉദയകുമാര്‍, എന്നിവര്‍ സംസാരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടു പണി പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, എന്നിവര്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു.
- Log in to post comments