Skip to main content

മലപ്പുറത്തിനു കാഴ്ച വിരുന്നായി സൈനിക അഭ്യാസങ്ങള്‍

 

കമാന്‍ഡോ ഓപ്പറേഷനും അഭ്യാസ പ്രകടനങ്ങളും മോട്ടോര്‍ സൈക്കിള്‍ പ്രകടനവുമൊക്കെയായി സൈനിക ശക്തിയുടെ വൈവിധ്യ ഭാവങ്ങള്‍ മലപ്പുറത്തിനു ദൃശ്യ വിരുന്നായി. എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന 'സേനയെ അറിയാം' ആര്‍മി മേളയില്‍ സൈനികര്‍ നടത്തിയ വിവിധ അഭ്യാസ പ്രകടനങ്ങള്‍ നവ്യാനുഭവമായി. കുതിരപ്പടയാണ് ആദ്യം രംഗത്തെത്തിയത്. ചടുല വേഗവും കൃത്യതയും പ്രകടമാക്കി നാലംഗ സംഘം മൈതാനത്ത് ആവേശമുയര്‍ത്തിയത് കുതിരപ്പുറത്തേറിയുള്ള ആഭ്യാസത്തിലൂടെ ദേശീയ പതാക ഉയര്‍ത്തിയാണ്. യുദ്ധ മുഖത്ത് കുതിരപ്പടയുടെ സേവന പ്രാവീണ്യം വിളിച്ചോതിയ പ്രകടനം കയ്യടി നേടി.
ഭീകരര്‍ ബന്ദിയാക്കിയ ജനപ്രതിനിധിയെ കമാന്‍ഡോ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തുന്നതായിരുന്നു അടുത്ത വിഭവം. കമാന്‍ഡോകളുടെ കൃത്യതയാര്‍ന്ന മുന്നേറ്റവും സങ്കീര്‍ണ ഘട്ടങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പ്രദര്‍ശനത്തിലൂടെ കാണികള്‍ക്കു മുന്നില്‍ അനാവരണം ചെയ്തു. യുദ്ധ മുഖത്തും കാടുകള്‍, മലനിരകള്‍, മരുഭൂമികള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന സൈനീകര്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതി എം.എസ്.പി. മൈതാനത്തു പുനരാവിഷ്‌ക്കരിച്ചു. പുരാതന ആയോധന മുറയായ കളരിപ്പയറ്റിലും സൈനികര്‍ തങ്ങളുടെ പ്രാവീണ്യം ജനസമക്ഷം അവതരിപ്പിച്ചു.
തുടര്‍ന്നാണ് ആവേശത്തിന്റെ അലകള്‍ കാണികളിലേക്കു പകര്‍ന്ന് മിലിട്ടറി മോട്ടോര്‍ സൈക്കിള്‍ സംഘമെത്തിയത്. ടൊര്‍നാഡോസ് ആര്‍മി സര്‍വീസ് കോര്‍പ്സിലെ ക്യാപ്റ്റന്‍ ശിവം സിംഗിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ സംഘം നടത്തിയ പ്രകടനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ കാണികളും എതിരേറ്റത്. ഇരുന്നും കിടന്നും സംഘമായും അതിവേഗത്തിലോടുന്ന മോട്ടോര്‍ സൈക്കിളുകളില്‍ സൈനികര്‍ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ നിറഞ്ഞ കയ്യടി നേടി. ഗിന്നസ് റെക്കോഡുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ സംഘമാണ് മലപ്പുറത്തും അഭ്യാസ മുറകളുമായെത്തിത്. മോട്ടോര്‍ സൈക്കിള്‍ സംഘം പിരമിഡ് മാതൃക തീര്‍ത്തു പിന്‍വാങ്ങിയതോടെ ആകാശത്ത് ദൃശ്യ വിരുന്നൊരുക്കി പാരാമോട്ടോര്‍ സംഘമെത്തി. മോട്ടോര്‍ ഘടിപ്പിച്ച രണ്ടു പാരച്യൂട്ടുകളിലായിരുന്നു അഭ്യാസ പ്രകടനം. സൈനികരുടെ വൈവിധ്യമാര്‍ന്ന അഭ്യാസ പ്രകടനങ്ങള്‍ ഇന്നും (ജനുവരി 19) തുടരും.
 

date