മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെ ഉദ്ഘാടനം ചെയ്യും--- ചരിത്രത്തിന്‍റെ നിധിശേഖരമായി വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം
അയിത്തത്തിനെതിരെ നടന്ന ഐതിഹാസിക സമരത്തിന്റെ ചരിത്രം പുരാരേഖകളിലൂടെ വിശദമാക്കുന്ന വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നാളെ (ജനുവരി 21) ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും.
വൈക്കം സത്യാഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ ബോട്ട് ജെട്ടിക്ക് സമീപം സത്യാഗ്രഹ സ്മാരക മന്ദിരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയില്‍ ഇറങ്ങിയത്, കായല്‍ക്കര പ്രസംഗം, അയിത്തം നേരിട്ടറിഞ്ഞ ഇണ്ടംതുരുത്തി മനയിലെ ചര്‍ച്ച, ഗാന്ധി - ശ്രീ നാരായണ ഗുരു കൂടിക്കാഴ്ച തുടങ്ങി നിരവധി സംഭവങ്ങളുടെ രേഖകള്‍ ഇവിടെയുണ്ട്.
റിസപ്ഷന്‍ ഗാലറി, വൈക്കം - സത്യാഗ്രഹത്തിന് മുന്‍പ്, സത്യാഗ്രഹത്തിലെ പ്രധാന സംഭവങ്ങള്‍, തീണ്ടാപലകയും സമര സേനാനികളും... ഇങ്ങനെ നീണ്ടുപോകുന്നു മ്യൂസിയത്തിലെ കാഴ്ചകള്‍.
സമര സേനാനികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ ഗാലറി, ആര്‍ട്ട് ഗാലറി, റിസര്‍ച്ച് സെന്റര്‍, ഉദ്യാനം, മിനി തിയേറ്റര്‍
ഇന്ററാക്ടീവ് സ്‌ക്രീന്‍,ഇന്ററാക്ടീവ് കിയോസ്‌ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
പൂര്‍ണ്ണമായി ശീതികരിച്ച നാലു ഹാളുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള പുരാരേഖകള്‍, രേഖാചിത്രങ്ങള്‍, പകര്‍പ്പുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഗാന്ധി ഗാലറി എന്നിവയാണ് മറ്റ് സവിശേഷതകള്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നുള്ള 1.8 കോടി രൂപ ചെലവിട്ടാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. ഗാന്ധി ഹെറിറ്റേജ് സൈറ്റ്‌സ് മിഷന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്.
വൈക്കം നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം മ്യൂസിയം ആണ് മ്യൂസിയം സജ്ജീകരിച്ചത്.
വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും മ്യൂസിയം ഏറെ പ്രയോജനപ്രദമാകുമെന്ന് പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയാകും. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രെജികുമാര്‍ ആമുഖ പ്രഭാഷണം നടത്തും. കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ.കെ. രഞ്ജിത്ത്, കല മങ്ങാട്ട്, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍. സോന, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എസ്.അബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രന്‍, ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments