ഗ്രാമസഭകളുടെ സംഘാടനം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
ജനകീയ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മൂല്യാധിഷ്ഠിതമായി ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും ദുരന്ത നിവാരണ പദ്ധതി നടപ്പാക്കുന്നതിനും പഞ്ചായത്ത് വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്തുകൾ ഇത് പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും, ദുരന്ത നിവാരണത്തിനും, ദുരന്ത മുന്നൊരുക്കങ്ങൾക്കുമായി 'നമ്മൾ നമുക്കായി' എന്ന പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും പദ്ധതി രൂപീകരണത്തിനുമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക വാർഡുതല ഗ്രാമസഭകൾ ചേരാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ ദുരന്തനിവാരണ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ ആവശ്യമായ പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ നിർവഹിക്കണം. ഗ്രാമസഭകളുടെ സംഘാടനം സർക്കാർ ഉത്തരവുകളും മാർഗനിർദേശങ്ങളും പാലിച്ച് നടപ്പാക്കണം.
മനുഷ്യവിഭവശേഷി കണ്ടെത്തി പ്രാദേശിക വികസനവും സ്വയംപര്യാപ്തതയും പൂർണതോതിൽ നടപ്പാക്കാൻ ഗ്രാമസഭ മുഖേന പ്രൊഫഷണലുകളുടെ പട്ടിക എല്ലാ ഗ്രാമപഞ്ചായത്തുകളും തയാറാക്കി ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ നിർദ്ദേശമുണ്ട്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചും പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മനുഷ്യനും പരിസ്ഥിതിക്കും ഉണ്ടാകുന്ന ദോഷങ്ങൾ സംബന്ധിച്ചും ഗ്രാമസഭായോഗങ്ങളിൽ പ്രത്യേക അജണ്ട ഉൾപ്പെടുത്തി ചർച്ചചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾ നീക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ ഏർപ്പെടുത്തിയ സംവിധാനങ്ങളും വിശദമാക്കണം.
എല്ലാ പദ്ധതികൾക്കും അപേക്ഷാഫോറങ്ങൾ മലയാളത്തിലോ പ്രാദേശിക ഭാഷയിലോ ലളിതമായി അർഹതയും മുൻഗണനാക്രമവും സംബന്ധിച്ച മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി തയാറാക്കണം. അർഹർക്ക് അപേക്ഷ നൽകാൻ അവസരം ലഭിക്കുന്ന തരത്തിൽ അവസാനതീയതിയും സമയവും നിശ്ചയിച്ച് ഫോറങ്ങൾ വിതരണം ചെയ്യണം.
എല്ലാഗ്രാമപഞ്ചായത്തിലും മൂന്നുമാസത്തിലൊരിക്കലെങ്കിലും ഗ്രാമസഭചേരണം. യോഗം വിളിക്കുന്നതിനുള്ള ചുമതല ഗ്രാമസഭാ കൺവീനറായ വാർഡ് അംഗത്തിനാണ്. ജനപങ്കാളിത്തം വർധിപ്പിക്കാൻ വ്യാപക പ്രചരണം സംഘടിപ്പിക്കും. യോഗത്തിലേക്ക് പ്രദേശം പ്രതിനിധീകരിക്കുന്ന നിയമസഭാംഗത്തെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും ബ്‌ളോക്ക് പഞ്ചായത്ത് അംഗത്തെയും ക്ഷണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അംഗസംഖ്യയുടെ പത്തുശതമാനം അംഗങ്ങൾ ഹാജരായാൽ യോഗത്തിന്റെ ക്വാറം തികയും. പ്രസിഡൻറ് യോഗത്തിന് അധ്യക്ഷത വഹിക്കും. പ്രസിഡൻറ് നിർദേശിക്കുന്നതിനനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം.
ഗ്രാമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് ഗ്രാമസഭ കൺവീനർ പ്രസിഡൻറുമായി ആലോചിച്ച് അജണ്ട തയാറാക്കും. ഗ്രാമപഞ്ചായത്തിന്റെ മുഖ്യ വികസനപ്രശ്‌നങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് യോഗത്തിന്റെ കാര്യപരിപാടി രൂപപ്പെടുത്തുക. ഗ്രാമസഭയ്ക്ക് വേണ്ടി എല്ലാ വാർഡുകളിലേയും ഒരു പൊതുസ്ഥലത്ത് സ്ഥിരം വാർത്താബോർഡ് സ്ഥാപിക്കും. ഗ്രാമസഭയ്ക്ക് ആവശ്യമെങ്കിൽ പത്തിൽ കുറയാത്ത അംഗങ്ങളുള്ള സബ് കമ്മിറ്റികൾ രൂപീകരിക്കാം.
ഗ്രാമസഭയിലെ 10 ശതമാനം അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ അതിലുന്നയിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗ്രാമസഭയുടെ പ്രത്യേക യോഗം 15 ദിവസത്തിനകം കൺവീനർ വിളിച്ചുകൂട്ടണം.
പട്ടികവർഗ ഉപപദ്ധതി വിഹിതം ലഭിക്കുന്ന ഗ്രാമപഞ്ചായത്തുകൾ ഗ്രാമസഭ ചേരുന്നതിനുമുമ്പ് പട്ടികവർഗ ഊരുകൂട്ടങ്ങളിൽ ഗ്രാമസഭാ യോഗത്തിന് സമാനമായ രീതിയിൽ ഊരുമൂപ്പന്റെ അധ്യക്ഷതയിൽ ഊരുകൂട്ടയോഗങ്ങൾ സംഘടിപ്പിക്കണം. ഊരുകൂട്ടയോഗങ്ങൾ ചേരുന്നതിന് മുമ്പ് ഓരോ ഊരിലും വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം.
മത്സ്യവകുപ്പിന്റെ പ്രഖ്യാപിത മത്സ്യഗ്രാമങ്ങൾ നിലവിലുള്ള ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഊരുക്കൂട്ടം മാതൃകയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി മത്സ്യസഭകൾ സംഘടിപ്പിക്കണം.
നവകേരള കർമ പദ്ധതിയുടെ ഭാഗമായുള്ള മിഷനുകളുടെ പ്രവർത്തന അവലോകന റിപ്പോർട്ടും മറ്റ് വികസന മേഖലകൾ തുടങ്ങിയവയെക്കുറിച്ച് വിശദമായ റിപ്പോർട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തയാറാക്കി ഗ്രാമസഭാംഗങ്ങൾക്ക് ലഭ്യമാക്കണം.
ഗ്രാമപഞ്ചായത്ത് സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടുകൾ, വാർഷിക സ്റ്റേറ്റ്‌മെൻറ് തുടങ്ങിയവ ഗ്രാമസഭായോഗങ്ങളിൽ ചർച്ച ചെയ്യണം.
പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള പൊതുജനത്തിന്റെ അഭിപ്രായം സ്വീകരിക്കുന്നതിന് വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗ്രാമസഭാ വിൻഡോ സൗകര്യം ലഭ്യമാക്കും.
ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതി തയാറാക്കുന്നത് ഗ്രാമസഭകളുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കണം. ഗ്രാമസഭകളുടെ തീരുമാനങ്ങൾക്കും ശുപാർശകൾക്കും ഗ്രാമപഞ്ചായത്ത് അർഹമായ പരിഗണന നൽകണം.
ഏതെങ്കിലും പദ്ധതിക്കോ, പ്ലാനിനോ വേണ്ടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ അർഹതയും, മുൻഗണനാക്രമവും മാനദണ്ഡങ്ങളും പദ്ധതിയിലോ, പ്രോജക്ടിലോ, പ്ലാനിലോ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത് കൺവീനർ യോഗങ്ങളിൽ അവതരിപ്പിക്കണം.
ഇത്തരത്തിൽ 41 നിർദേശങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. (നമ്പർ പി.എ.എൻ/17316/2019ജെ8(ഡി.പി)).
പി.എൻ.എക്സ്.281/2020
- Log in to post comments