കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി) നിയമം: സംസ്ഥാനത്തിന്റെ വിയോജിപ്പുകൾ ശരിവെച്ച് കേന്ദ്രം
കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സംസ്ഥാനത്തിന്റെ വിയോജിപ്പുകൾ ശരിവെച്ച് കേന്ദ്ര സർക്കാറിന്റെ മറുപടി. 2019-ൽ പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അയച്ച കത്തിന് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി അയച്ച മറുപടിയിലാണ് കേരളം ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയിൽ ഉയർന്ന പിഴത്തുക നിശ്ചയിച്ചത്, പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള കാലയളവ് അഞ്ച് വർഷത്തിൽ നിന്നും ഒരു വർഷമായി കുറച്ചത്, സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ കൈകടത്തുന്ന രീതിയിൽ ഗതാഗതരംഗത്ത് സ്വകാര്യവത്ക്കരണം നടത്തുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് സംസ്ഥാനം വിയോജിപ്പ് അറിയിച്ചത്. ഉയർന്ന പിഴത്തുക നിശ്ചയിച്ചുകൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമം പാസ്സാക്കിയത് റോഡ് സുരക്ഷ സംബന്ധിച്ച നിലവിലുള്ള പശ്ചാത്തലം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എന്നാൽ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഇളവ് വരുത്തിക്കൊണ്ട് കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സാധിക്കുന്ന രീതിയിലാണ് കേന്ദ്ര നിയമത്തിന്റെ 200-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്കുള്ള (കോമ്പൗണ്ടബിൾ ഓഫൻസ്) പിഴത്തുക നിശ്ചയിച്ചത് എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ കത്ത് പ്രകാരം, ഏതോ ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ നിശ്ചയിച്ച പിഴത്തുകയെക്കാൾ കുറഞ്ഞ നിരക്കിൽ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിച്ചത് തെറ്റാണെന്നും സംസ്ഥാനങ്ങൾ കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി) നിയമം നടപ്പിലാക്കണമെന്നും അറിയിച്ചിരുന്നു. കേന്ദ്ര നിയമത്തിൽ നിശ്ചയിച്ച പിഴത്തുകയെക്കാൾ കുറഞ്ഞ തുക 200-ാം വകുപ്പ് പ്രകാരം കോമ്പൗണ്ടിംഗ് ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോർണി ജനറലിന്റെ നിയമോപദേശം സൂചിപ്പിച്ചുകൊണ്ടാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചിരുന്നത്. എന്നാൽ കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയെക്കാൾ കുറഞ്ഞ നിരക്കിൽ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ശരിയാണെന്ന് വ്യക്തമാക്കുന്നതാണ്.
കേരളം ചൂണ്ടിക്കാണിച്ച പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാലും കാലാവധി അവസാനിച്ച തീയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കാമെന്ന വ്യവസ്ഥ 2020 മാർച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പി.എൻ.എക്സ്.318/2020
- Log in to post comments