Skip to main content

'ചട്ടിയിൽ പച്ചക്കറി' പദ്ധതിയുമായി എറിയാട് പഞ്ചായത്ത്

എറിയാട് പഞ്ചായത്തിൽ 'ചട്ടിയിൽ പച്ചക്കറി' എന്ന പേരിൽ കാർഷിക പദ്ധതി നടപ്പാക്കുന്നു. ജീവനി പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും വിസ്തൃതിക്കനുസരിച്ച് ചട്ടി നിറച്ച് തൈകൾ നൽകുന്നതാണ് പദ്ധതി. പച്ചക്കറി കൃഷി എല്ലാ വീടുകളിലും നടപ്പാക്കുക, അതുവഴി വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമസഭ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് മുൻഗണന നൽകും. ഒരു ചട്ടിക്ക് 38 രൂപയാണ് ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടത്. മിനിമം 10 ചട്ടി വാങ്ങണം. ഒരാൾക്ക് പരമാവധി 25 ചട്ടി ലഭിക്കും. ഭൂമി കൂടുതൽ ഉള്ളവർക്ക് അനുസൃതമായിരിക്കും ഇത്. 10 ഇഞ്ച് വ്യാസമുള്ള മൺ ചട്ടിയിൽ മണ്ണ് നിറച്ചാണ് തൈവെച്ച് നൽകുന്നത്. ഇതിന്റെ വില ചട്ടി ഒന്നിന് 152 രൂപയും അതിൽ 114 സബ്സിഡിയും 38 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. ആവശ്യമുള്ള ഗുണഭോക്താക്കൾ ജനുവരി 27ന് മുൻപായി ഈ വർഷത്തെ കരം രസീതിന്റെ പകർപ്പും പൈസയും സഹിതം എറിയാട് കൃഷി ഭവനിൽ അപേക്ഷ നൽകേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

date