Skip to main content

മല്‍സ്യവും മാംസവും വാങ്ങാന്‍ പഴയ കുടത്തുണിയില്‍ സഞ്ചി പ്ലാസ്റ്റിക്ക് ബദല്‍ ഉത്പ്പന്നമേള തുടങ്ങി

പ്ലാസ്റ്റിക്കിനു പകരമായി പഴയ കുടയോ? ഉപയോഗശേഷം തട്ടിന്‍പുറത്തുകയറിയിരിക്കുന്ന കുടകള്‍ക്കെന്ത് ഇവിടെക്കാര്യം? ഉത്തരം വേണമെങ്കില്‍  കലക്‌റേറ്റ് മൈതാനിയില്‍ നടക്കുന്ന പ്ലാസ്റ്റിക് ബദല്‍മേളയിലേക്ക് വന്നാല്‍ മതി. പ്ലാസ്റ്റിക് നിരോധിച്ചതോടെ മീനും ഇറച്ചിയും വാങ്ങാനാവുന്നില്ലെന്ന പരാതിക്ക് പരിഹാരമാവുകയാണ് കുടത്തുണിയില്‍ തീര്‍ത്ത ഈ സഞ്ചികള്‍. കതിരൂര്‍ പഞ്ചായത്തിലെ മഹാത്മ കുടുംബശ്രീ അംഗങ്ങളാണ് പുതിയ കണ്ടെത്തലുമായി മേളയിലെ താരമാകുന്നത്. ലൈഫ് ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബസംഗമത്തോടനുബന്ധിച്ച് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ശുചിത്വമിഷന്‍, കുടുംബശ്രീ, ഹരിത കേരള മിഷന്‍ തുടങ്ങിയവ ഒരുക്കിയ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന മേളയിലാണ് ഈ മീന്‍ കൊട്ട ശ്രദ്ധേയമാകുന്നത്.
ഇലയിലും മണ്‍ചട്ടിയിലും മീന്‍ വാങ്ങിയിരുന്ന ഒരു കാലത്തെ ബഹുദൂരം പിന്നിലാക്കിയാണ് പ്ലാസ്റ്റിക് കവറുകള്‍ നമ്മുടെ മാര്‍ക്കറ്റുകളിലെ സജീവ സാന്നിദ്ധ്യമായി മാറിയത്. എന്നാല്‍ മീനും ഇറച്ചിയും ഒന്നും വാങ്ങാന്‍ പ്ലാസ്റ്റിക്ക് കവറില്ലാതെ പറ്റില്ലെന്നു ശഠിക്കുന്നവരുടെ വായടപ്പിക്കുകയാണ് ഇ പുതിയ ആശയം. പഴയ കുടകളുടെ തുണി തയ്‌ച്ചെടുത്താണ് മീന്‍ കൊട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നത്. നനവ് പുറത്തു വരികയുമില്ല, കഴുകിയെടുത്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. പത്തു രൂപയാണ് വില. ഒരു കുടയുടെ തുണികൊണ്ട് മൂന്നും നാലും മീന്‍ കൊട്ടകള്‍ ഉണ്ടാക്കാമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
എട്ടു മണിക്കൂറോളം നനവ് പുറത്തുവരാതെ മീനും മാംസവും സൂക്ഷിക്കാവുന്ന കടലാസ് കവറുകളും സ്റ്റാളിലുണ്ട്. അമേരിക്കന്‍ നിര്‍മ്മിതമായ പ്രത്യേക കലാസുകൊണ്ടുണ്ടാക്കിയ ഈ കവര്‍ ഫ്രീസറില്‍ വയ്ക്കുകയും ചെയ്യാം. പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന തുണി സഞ്ചികള്‍ക്കും കടലാസ് കവറുകള്‍ക്കും പുറമെ, പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച കടലാസ് പേനകള്‍, പെന്‍ഹോള്‍ഡറുകള്‍, ഫയലുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയും പ്രദര്‍ശന-വിപണന മേളയില്‍ ലഭ്യമാണ്. വീട്ടിനകത്ത് ഉപയോഗിക്കാവുന്ന കോട്ടന്‍ ചെരുപ്പുകള്‍, കളിമണ്‍പാത്രങ്ങള്‍, ഗ്ലാസുകള്‍, കപ്പുകള്‍, ചിരട്ടത്തവികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും. പാഴ്‌വസ്തുക്കളും, തുണി, കടലാസ്, ചണം പോലുള്ളവയും ഉപയോഗിച്ചാണ് ഏറെ ആകര്‍ഷകമായ ബദല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം എന്ന ആശയത്തിനു കരുത്തേകു കയാണ് ഈ ബദല്‍ ഉല്‍പന്ന മേള.

date