വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി
വരള്‍ച്ച മുന്നില്‍ കണ്ടു കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ ലിസ്റ്റുണ്ടാക്കണമെന്നും ജലവിഭവ വകുപ്പ് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കളക്റ്ററേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകളിലെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ റൈറ്റ് റ്റു സര്‍വീസ് കാര്യക്ഷമമാക്കാന്‍ സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക് ഓരോ ഓഫീസിലുമുണ്ടാകണമെന്നും ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിനായി സിറ്റിസണ്‍ ഓഫീസറെ നിയോഗിക്കണമെന്നും ജില്ലാ കളക്റ്റര്‍ നിര്‍ദ്ദേശിച്ചു. ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കാനാണിത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളെക്കുറിച്ച് കൃത്യമായി പ്ലാനുണ്ടാക്കി ഒരാഴ്ചയ്ക്കകം നല്‍കണം. അംഗനവാടികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അംഗനവാടികളുണ്ടാക്കാന്‍ മുന്‍കൈയെടുക്കണം. മണ്ണിടിച്ചലുണ്ടാകുന്ന പഞ്ചായത്തുകള്‍ ആ സ്ഥലത്തെ മണ്ണിടിച്ചലുണ്ടാകുന്ന സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാരിനു നല്‍കണം. കിഫ്ബി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാസത്തില്‍ അവലോകനം നടത്തുകയും അതു സംബന്ധിച്ച വിവരം എം.എല്‍.എമാര്‍ക്കു നല്‍കുകയും വേണം. പുകയില - മയക്കുമരുന്ന് ഉപയോഗം തടയാന്‍ പഞ്ചായത്തുതല കമ്മിറ്റികള്‍ ശക്തമായി പ്രവര്‍ത്തിക്കണം.
കരിമ്പന പാലം, മൂരാട് പാലം, പാലോളി പാലം എന്നീ പാലങ്ങള്‍ പ്രത്യേകമായി ടെന്‍ഡര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ദേശീയപാത അതോറിട്ടി യോഗത്തില്‍ അറിയിച്ചു. കിഫ്ബി യില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ഏറ്റെടുത്ത വിവിധ പദ്ധതികളില്‍ മുടങ്ങിക്കിടക്കുന്നവ ഏതാണെന്നും നിലവിലെ പുരോഗതി എന്താണെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം കലക്ടറെ അറിയിക്കണം.
ചോറോട്, അഴിയൂര്‍ ഭാഗങ്ങളില്‍ കനാല്‍ കയ്യേറ്റം തടയാനാവശ്യമായ നടപടി സ്വീകരിക്കും. പാതയോര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീയ പാതയോരം ,സംസ്ഥാന പാതയോരം എന്നിവിടങ്ങളിലെ മാലിന്യം തള്ളിയ മേഖലകള്‍ ജനുവരി 24 മുതല്‍ 26 വരെ തൊഴിലുറപ്പ് തൊഴിലാളികള്‍ വിവിധ സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി വൃത്തിയാക്കും.
ലൈഫ്, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണം, ഹരിത കേരള മിഷന്‍ എന്നീ മിഷനുകളുടെ ജില്ലയിലെ പുരോഗതിയും വിലയിരുത്തി. യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ.നാണു, പുരുഷന്‍ കടലുണ്ടി, പി ടി എ റഹിം, കെ.ദാസന്‍, ജോര്‍ജ് എം തോമസ്, ഇ കെ വിജയന്‍, കാരാട്ട് റസാഖ്, ഗതാഗത വകുപ്പു മന്ത്രിയുടെയും എം.പിമാരായ എം.കെ.രാഘവന്‍, എളമരം കരീം, എം.എല്‍.എ വി.കെ.സി മമ്മദ് കോയ എന്നിവരുടെയും പ്രതിനിധികള്‍, എ.ഡി.എം റോഷ്‌നി നാരായണന്‍, പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനു മുന്നോടിയായി ജില്ലാ കളക്റ്ററുടെ നേതൃത്വത്തില്‍ ദേശീയ വോട്ടവകാശദിന പ്രതിജ്ഞയുമെടുത്തു
- Log in to post comments