Skip to main content

സുന്ദരനാകണോ? എങ്കിൽ പോകാം വിയ്യൂർ സെൻട്രൽ ജയിലിലേക്ക്

സൗന്ദര്യം വർദ്ധിപ്പിക്കണോ? വരൂ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്. ഇവിടെ പുരുഷന്മാർക്കായി നിർമ്മിക്കുന്ന ബ്യൂട്ടി പാർലറിന്റെ പണി അന്തിമ ഘട്ടത്തിലാണ്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ശീതീകരിച്ച പാർലർ ഫെബ്രുവരിൽ പ്രവർത്തനം തുടങ്ങും. വിയ്യൂർ സെൻട്രൽ ജയിൽ ഗേറ്റിനു സമീപത്താണ് 5 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഫ്രീഡം പാർക്ക് തടവുകാരാണ് നിർമ്മാണപ്രവർത്തനത്തിനു പിന്നിലും പ്രവർത്തിക്കുന്നത്. ഇവിടെ 3 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ബ്യൂട്ടി പാർലറിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജയിലിലെ അന്തേവാസികൾക്കായി വിവിധ തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ബ്യൂട്ടീഷ്യൻ കോഴ്‌സിൽ രണ്ട് പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുക. ജൻ ശിക്ഷൺ സംസ്ഥാൻ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കോഴ്‌സ് നടത്തുന്നത്. ഒരു കോഴ്‌സിൽ 20 തടവുകാർക്കാണ് പ്രവേശനം നൽകുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തടവുകാരെയാണ് പുതിയതായി സ്ഥാപിക്കുന്ന പാർലറിലെ ജോലികൾക്കായി നിയോഗിക്കുക. ഹെയർ കട്ടിങ്, ഹെയർ സ്‌റ്റൈലിംഗ്, ഹെയർ ഡയിങ്, പെഡിക്യൂർ, മാനിക്യൂർ, ഹെഡ് മസാജ്, വിവിധ തരം ഫേഷ്യലുകൾ എന്നിവയെല്ലാം പാർലറിൽ ചെയ്തു കൊടുക്കും. സാധാരണ പാർലറുകളിലേക്കാൾ കുറഞ്ഞ ചാർജേ ഈടാക്കു എന്നും ജയിൽ അധികൃതർ അറിയിച്ചു.

date