ഫെബ്രുവരിയോടെ പരിയാരത്ത് സൗജന്യ ചികിത്സ ലഭിച്ചക്കും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി മന്ത്രി നാടിന് സമര്‍പ്പിച്ചു
കേരളത്തില്‍ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഫെബ്രുവരി മാസം തന്നെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പരിയാരത്ത് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നല്‍കുന്ന അതേ ചികിത്സാ സൗകര്യങ്ങളും മറ്റു മെഡിക്കല്‍ കോളേജുകളേക്കാള്‍ പ്രത്യേക പരിഗണനയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിനു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനത്തിലേക്കു മാറ്റുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും. ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടവയും ഘട്ടം ഘട്ടമായി പരിഗണിക്കും. ചികിത്സാ രംഗത്ത് ജനങ്ങള്‍ക്ക് സൗജന്യ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കാരുണ്യ ഫാര്‍മസികള്‍ വഴി അതിനു സാധിക്കും. പാവപ്പെട്ട രോഗികള്‍ക്ക് അവര്‍ക്കാവശ്യമായി വരുന്ന മരുന്നുകള്‍ വലിയ വില കൊടുത്ത് പുറത്തു നിന്നും വാങ്ങേണ്ടി വരില്ല. 93 % വരെ വിലക്കുറവിലാണ് കാരുണ്യ ഫാര്‍മസി മരുന്നുകള്‍ നല്‍കുക. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ പദ്ധതി വിഹിതം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ മുഖം മിനുക്കിയെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പരിയാരത്തെ മെഡിക്കല്‍ കോളേജിന് പ്രത്യേക പരിഗണന നല്‍കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചിത്വത്തോടൊപ്പം മികച്ച ചുറ്റുപാടുകളും ഉറപ്പുവരുത്തണം. 112 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. കിഫ് ബി യുടെ സഹായത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. ടോയ്‌ലറ്റുകളുടെ നവീകരണം, മികച്ച ക്യാംപസ്, പൂന്തോട്ടങ്ങള്‍, പാര്‍ക്കിങ് തുടങ്ങിയവയൊരുക്കി മെഡിക്കല്‍ കോളേജിനെ ഹൈടെക്കാക്കി മാറ്റും. കാഷ്വാലിറ്റി, ട്രോമ കെയര്‍, കാര്‍ഡിയോളജി വിഭാഗം എന്നിവയും മികച്ച നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. മറന്നു പോയ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ വീണ്ടെടുക്കുകയാണ് സര്‍ക്കാര്‍. ഓരോ വ്യക്തിക്കും പ്രത്യേക പരിഗണന നല്‍കിയാണ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ചികിത്സയും മരുന്നുകളും ഉറപ്പാക്കും. ആശുപത്രിയില്‍ ലഭ്യമാകുന്ന മരുന്നുകള്‍ പുറത്തേക്ക് എഴുതി നല്‍കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് ശൈലജ ടീച്ചര്‍ ചൂണ്ടിക്കാട്ടി. മരുന്നുകളുടെ കുറിപ്പ് മനസ്സിലാകത്തക്കവണ്ണം കുറിച്ചു നല്‍കാനും ഡോക്ടര്‍മാര്‍ അല്പം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കൊറോണ വൈറസിനെതിരെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ എം പി രാജ്‌മോഹന്‍ ഉണ്ണിത്താനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ സംസ്ഥാനത്തെ അറുപത്തി ഒന്‍പതാമത് ശാഖയും ജില്ലയിലെ ഏഴാമത് ശാഖയുമാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തുറന്നത്. പൊതു വിപണിയെക്കാള്‍ 93 ശതമാനം വരെ വിലക്കുറവില്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ പരിയാരം കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പ്രവര്‍ത്തിക്കും. മൂന്നു ഫാര്‍മസിസ്റ്റുകളുടെ സേവനം ഇവിടെ ലഭിക്കും. നിലവില്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ ശീതികരണ സംവിധാനം ഉള്‍പ്പെടെ നടത്തിയാണ് ഫാര്‍മസി സജ്ജീകരിച്ചിരിക്കുന്നത്. 30 ലക്ഷത്തോളം രൂപ വില മതിക്കുന്ന രണ്ടായിരത്തോളം മരുന്നുകളാണ് ആദ്യഘട്ടം ഇവിടെ ഒരുക്കിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ ആവശ്യകത അനുസരിച്ചുള്ള മരുന്നുകള്‍ സജ്ജീകരിക്കുന്ന നടപടികളും ഉടന്‍ ആരംഭിക്കും. ലയണ്‍സ് ക്ലബ് പുതുതായി നല്‍കിയ പത്തു വീല്‍ച്ചെയറുകള്‍ കൂടി രോഗികള്‍ക്ക് ആശ്വാസമേകും.
മെഡിക്കല്‍ എജുക്കേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വിശിഷ്ട അതിഥിയായി. മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ എ റംല ബീവി, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ കെ വി ലതീഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എന്‍ റോയ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡോ എസ് ആര്‍ ദിലീപ് കുമാര്‍, കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments