മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി എം എം മണി
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്ക് രാജ്യത്ത് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും, സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനയും സംരക്ഷിക്കുമെന്ന് ഇന്ത്യന്‍ ജനത പ്രതിജ്ഞയെടുക്കണമെന്നും വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കി ജില്ലാപഞ്ചായത്ത് ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കി സംസാരിക്കയായിരുന്നു അദ്ദേഹം. ഭരണഘടന അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചില്ലെങ്കിൽ വ്യക്തികൾക്കും സമൂഹത്തിനും അവർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയില്ല. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നിയമം പാസാക്കിയാൽ അത് രാജ്യത്ത് നിലനിൽക്കുകയില്ല; അത് അനുവദിച്ചാൽ അരാജകത്വത്തിനും മത സൗഹാർദ്ദം അട്ടിമറിക്കുന്നതിനും വഴിതെളിക്കും. പൗരാവകാശങ്ങളും ഭരണഘടനമൂല്യങ്ങളും സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ കര്‍ത്തവ്യമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കുമെന്ന് നാമോരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പരേഡ് കമാന്‍ഡര്‍ സജിന്‍ ലൂയിസിന്റെ നേതൃത്വത്തില്‍ വിവിധ സേന വിഭാഗങ്ങള്‍, എന്‍ സി സി കേഡറ്റുകള്‍, എസ് പി സി കേഡറ്റ്സ്, സ്‌ക്വൗട്ട് ആന്റ് ഗൈഡ്സ്, ബാന്‍ഡ് തുടങ്ങി വിവിധ പ്ലാറ്റൂണുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. 24 ഓളം പ്ലാറ്റുണുകള്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നത്. പോലീസ് വിഭാഗത്തില്‍ നിന്നും ജില്ലാ ഹെഡ്ക്വാട്ടേഴ്സ് സബ് ഇന്‍സ്‌പെക്ടര്‍ കെ വി ഡെന്നിയുടെ നേതൃത്വത്തില്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് ഏറ്റവും മികച്ച രീതിയില്‍ അണനിരന്ന സേന വിഭാഗങ്ങള്‍ക്കുള്ള അംഗികാരം സ്വന്തമാക്കി. ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയ് ഘോഷിന്റെ നേൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
എന്‍.സി.സി വിഭാഗത്തില്‍ ഹര്‍ഷ ബിനു നയിച്ച കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം ഒന്നാം സ്ഥാനത്തിനര്‍ഹരായി. എസ് പി സി വിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരം റിയ മരിയ ഷാജി നയിച്ച കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനും, മികച്ച സ്‌കൗട്സ് വിഭാഗങ്ങള്‍ക്കുള്ള അംഗീകാരം ഗോകുല്‍ പ്രസാദ് നയിച്ച പൈനാവ് കേന്ദ്രവിദ്യാലയത്തിനും മികച്ച ഗൈഡ്സ് വിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരം ശ്രീശങ്കരി നയിച്ച പൈനാവ് കേന്ദ്രീയ വിദ്യാലയവും നേടിയപ്പോള്‍ മികച്ച ബാന്റിനുള്ള ബഹുമതി അനാമിക സനോജ് നയിച്ച കഞ്ഞിക്കുഴി എസ്എന്‍എച്ച്എസ്എസ് നങ്കിസിറ്റി സ്‌കൂളും സ്വന്തമാക്കി. മന്ത്രി എം.എം. മണി സമ്മാനർഹർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പരേഡിന് ശേഷം ദേശഭക്തി ഗാനം, യോഗ, നൃത്തം, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ജില്ലാ പോലീസ് മേധാവി പി.കെ.മധു, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, ത്രിതല പഞ്ചായത്തംഗങ്ങളായ റിന്‍സി സിബി, ലിസമ്മ സാജന്‍, ടിന്റു സുഭാഷ്, കെ.എം ജല്ലാലുദ്ദീന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.
- Log in to post comments