നേത്ര - അസ്ഥിരോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
പുളിമാത്ത് ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച നേത്ര - അസ്ഥിരോഗ ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിലവില്‍ സ്ത്രീ രോഗം, വൃദ്ധജനാരോഗ്യ പരിപാലനം, യോഗ, നവജീവനം, സ്വാന്തന ചികിത്സ, സിദ്ധ ചികിത്സ, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 60 വയസിന് മുകളിലുള്ളവര്‍ക്ക് ആശുപത്രിയില്‍ പ്രത്യേക ഒ.പി സൗകര്യമുണ്ട്. പുളിമാത്ത് ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രത്യേക ചികിത്സയും ഇവിടെ നല്‍കുന്നു. നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച ലബോറട്ടറി അടക്കമുള്ള സംവിധാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാരും 13 ജീവനക്കാരുമുണ്ട്.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നേത്രചികിത്സാ ക്യാമ്പും ആശുപത്രിയില്‍ സംഘടിപ്പിച്ചു.
(പി.ആര്‍.പി. 80/2020)
- Log in to post comments