അശാസ്ത്രീയ മത്സ്യബന്ധനം, ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കടലിലെയും കായലിലെയും അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊട്ടാരക്കര നഗരസഭയ്ക്ക് സമീപം പുതിയതായി ആരംഭിച്ച മത്സ്യഫെഡ് ഫിഷ്‌റ്റേറിയന്‍ മൊബൈല്‍ മാര്‍ട്ടിന്റെ (അന്തിപച്ച) ഉദ്ഘാടനവും ആദ്യവില്പനയും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന ചെറുമത്സ്യങ്ങളെ വളത്തിനായി ഉപയോഗിക്കുന്നതിനാലാണ് മത്സ്യത്തിന്റെ ലഭ്യത കുറയുന്നുത്. കര്‍ശനമായ നിയമ നിര്‍മാണമാണ് ഇതിനെതിരെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അന്തിപച്ച പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളില്‍ നിന്നും നേരിട്ട് മത്സ്യം സംഭരിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ സാധിക്കുന്നു. കൂടാതെ ഗുണമേന്‍മ നഷ്ടപ്പെടാതെ ഉപഭോക്താക്കള്‍ക്ക് ശുദ്ധ മത്സ്യം എത്തിക്കാന്‍ സാധിച്ചതിനാല്‍ അന്തിപച്ചയുടെ സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അന്തിപച്ചയുടെ ജില്ലയിലെ മൂന്നാമത്തെ യൂണിറ്റാണിത്. ഞായര്‍ ഒഴികയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മൂന്നു മുതല്‍ 6.30 വരെ മുനിസിപ്പാലിറ്റിക്ക് സമീപവും 6.45 മുതല്‍ 7.30 വരെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപവും മത്സ്യവില്‍പ്പന നടത്തും.
ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായി. മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ അദ്യവില്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബി ശ്യാമള അമ്മ നിര്‍വഹിച്ചു. കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍മാന്‍ ഡി രാമകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ് ആര്‍ രമേശ്, ഉണ്ണികൃഷ്ണമേനോന്‍, ഷംല, എം എസ് ശ്രീകല, നഗരസഭാ കൗണ്‍സിലര്‍മാരായ കോശി കെ ജോണ്‍, ജ്യോതി മറിയം ജോണ്‍, സൂസന്‍ ചാക്കോ, കെ ബി മീരാദേവി, തോമസ് പി മാത്യൂ, സി മുകേഷ്, പി ദിനേഷ്‌കുമാര്‍, എന്‍ അനിരുദ്ധന്‍, ജി കൃഷ്ണന്‍കുട്ടി നായര്‍, എ എസ് അഞ്ജു, എസ് സൈനുലാബ്ദീന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ലോറന്‍സ് ഹരോള്‍ഡ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എം മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments