തോട്ടം തൊഴിലാളി ഭവനപദ്ധതിക്ക് ശിലയിട്ടു സമഗ്ര പ്ലാന്റേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍
തോട്ടം മേഖലയുടെ അഭിവൃദ്ധിക്കും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുന്നതിന് സമഗ്രമായ പ്ലാന്റേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. കുളത്തൂപ്പുഴ ആര്‍ പി എല്‍ എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തോട്ടം മേഖലയുടെ പ്രതാപം വീണ്ടെടുക്കല്‍, ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, വൈവിധ്യവത്കരണം, വിള സംഭരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് നയത്തിന്റെ കാതല്‍. നയത്തിന്റെ കരട് വിശദ ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്. മേഖലയുടെ പുരോഗതിയ്ക്കായി തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ് രൂപീകരിക്കും.
തോട്ടങ്ങളിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പ്രതിദിന വേതനത്തില്‍ 52 രൂപ വര്‍ധനവ് ലഭിക്കും. 2019 ജനുവരി മുതല്‍ പ്രാബല്യത്തോടെയാണ് വര്‍ധനവ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധനസഹായം പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചു. ആര്‍ പി എല്ലിന്റെ വികസനത്തിന് സര്‍ക്കാര്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കും. ആര്‍ പി എല്‍ തൊഴിലാളികള്‍ക്കായി കൂടുതല്‍ ഭവനങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ പി എല്‍ എസ്റ്റേറ്റില്‍ നിന്നും വിരമിച്ച ഭൂരഹിത ഭവനരഹിത ശ്രീലങ്കന്‍ റിപ്രാട്രിയേറ്റ് തൊഴിലാളികള്‍ക്കാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 40 വീടുകളാണ് നിര്‍മിക്കുന്നത്. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു അധ്യക്ഷത വഹിച്ചു. ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, സ്പിന്നിംഗ് മില്‍സ് പ്രസിഡന്റ് ജോര്‍ജ് മാത്യു, ആര്‍ പി എല്‍ എം ഡി സുനില്‍ പമിഡി, ഭവനം ഫൗണ്ടേഷന്‍ സി ഇ ഒ ഡോ ജി എല്‍ മുരളീധരന്‍, ഫൊക്കാന പ്രതിനിധി ടി എസ് ചാക്കോ, ജനപ്രതിനിധികള്‍, ട്രേഡ് യുണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments