സാമൂഹിക പ്രശ്‌നങ്ങളില്‍ സ്ത്രീ ഇടപെടല്‍ ശക്തമാക്കണം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
സമൂഹത്തില്‍ ഉടലെടുക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്ത്രീകളുടെ ഇടപെടല്‍ ശക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷനും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൗരത്വ വിഷയത്തില്‍ അതിശക്തമായ സമരമാണ് ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. കൊടുംമഞ്ഞിനെ പോലും അതിജീവിച്ചുകൊണ്ട് നടക്കുന്ന സമരം വന്‍ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. പ്രാദേശികമായ വിഷയങ്ങളിലും കുടുംബ പ്രശ്‌നങ്ങളിലും ഇതുപോലെ ഇടപെടാനും പരിഹാരം കാണാനും കേരളത്തിലെ സ്ത്രീകള്‍ക്കും കഴിയും. താഴെതട്ടില്‍ ഇത്തരത്തിലുള്ള സ്ത്രീ ഇടപെടലുകള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കണം. ഇവര്‍ക്കുള്ള നിയമപരവും സംഘടനാപരവുമായ പിന്തുണ വനിതാ കമ്മീഷനിലൂടെ ലഭ്യമാക്കാന്‍ കഴിയും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനും സ്ത്രീ കൂട്ടായ്മകളിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ പദവിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, സ്ത്രീ സുരക്ഷാ നിയമങ്ങളെപ്പറ്റി കമ്മീഷനംഗം അഡ്വ എം എസ് താര, സൈബര്‍ നിയമങ്ങളെക്കുറിച്ച് എസ് വി വിബു എന്നിവര്‍ ക്ലാസെടുത്തു.
മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മുഖ്യാതിഥിയായി. കമ്മീഷന്‍ അംഗം ഡോ ഷാഹിദാ കമാല്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി ആര്‍ അജു തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments