Skip to main content

അവലോകന യോഗം ചേര്‍ന്നു കൊല്ലം-തിരുമംഗലം ദേശീയപാത; നിലവിലെ അലൈന്‍മെന്റില്‍ വികസിപ്പിച്ച് നിലനിര്‍ത്തണം - എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം - കൊട്ടാരക്കര - പുനലൂര്‍ - ആര്യങ്കാവ് - പളളിവാസല്‍ - തിരുമംഗലം ദേശീയപാത 744 നിലവിലുളള അലൈന്‍മെന്റോട് കൂടി വികസിപ്പിച്ച് നിലനിര്‍ത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു.  ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് 'ദിശാ' യോഗ തീരുമാന പ്രകാരം ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യ നിയോഗിച്ച കണ്‍സള്‍ട്ടന്‍സി നിര്‍ദേശിച്ചിട്ടുളള കോട്ടവാസല്‍ - ഒറ്റക്കല്‍ - പത്തടി - ചടയമംഗലം - കടമ്പാട്ടുകോണം അലൈന്റ്‌മെന്റോടു കൂടിയ  പുതിയ റോഡ് എന്‍ എച്ച് 66 നെയും നിലവിലുളള എന്‍ എച്ച് 744 നെയും ബന്ധിപ്പിക്കുന്ന ദേശീയപാത ലിങ്ക് റോഡായി (എന്‍.എച്ച് -744-എ) പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഇത് ജില്ലയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനും ഗതാഗത സൗകര്യത്തിനും ഏറെ സഹായകരമാകും. എന്‍ എച്ച് 744 ലെ ഗതാഗത കുരുക്ക് കുറയ്ക്കാനും കഴിയും.  ഇക്കാര്യത്തില്‍ സംസ്ഥാന മരാമത്ത് വകുപ്പിന്റെ അഭിപ്രായം  സ്വാഗതാര്‍ഹമാണ്.  എന്‍.എച്ച് 744 ന്റെ അലൈന്‍മെന്റ് കൊല്ലം മുതല്‍ ഒറ്റക്കല്‍ വരെ മാറ്റിയാല്‍ കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, തെ•ല എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ വികസനം മുരടിക്കും.
നിലവിലുളളള സാഹചര്യത്തില്‍ എന്‍ എച്ച് 744 ല്‍ ചിന്നക്കട മുതല്‍ ഒറ്റക്കല്‍ വരെ അര്‍ബന്‍ ലിങ്ക്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡില്ലാതെ നാലു വരിപ്പാത നിര്‍മിക്കാനുളള നടപടികള്‍ ഉണ്ടാകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.  ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ദേശീയപാത അതോറിറ്റി, ഉപരിതലഗതാഗത മന്ത്രാലയം, കണ്‍സള്‍ട്ടന്‍സി എന്നിവരുടെ പ്രതേ്യക യോഗം വിളിച്ച് സാധ്യതകള്‍ പരിശോധിക്കാനും യോഗത്തില്‍ ധാരണയായി.
ദേശീയപാത 744 ല്‍ അമ്പലത്തുംകാല മുതല്‍ പുനലൂര്‍ വരെയുളള റോഡ് 40 കോടി രൂപ ചെലവില്‍ പുനരുദ്ധരിച്ച് ശാക്തീകരിക്കും.  ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള റോഡ് 56 കോടി രൂപ ചെലവഴിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഈ പ്രവൃത്തിയില്‍ ഏഴ് കോടിയോളം രൂപ ചെലവഴിച്ച് എം എസ് എല്‍ വളവ് മാറ്റി റോഡ് വീതികൂട്ടി പുനരുദ്ധരിക്കുന്നതാണ്. എന്‍ എച്ച് 183 ല്‍ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കടപുഴ വരെ 34 കോടി രൂപ ചെലവഴിച്ചും കടപുഴ മുതല്‍ കൊല്ലകടവ് വരെ 44 കോടി രൂപ ചെലവഴിച്ചും റോഡ് പുനരുദ്ധരിക്കാനുള്ള  പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ദേശീയപാത 66 ല്‍ അപകടസാധ്യതയുള്ള ആറു സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച് നാലുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി നടന്നുവരുന്നു. ബൈപ്പാസില്‍ 250 തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. അവശേഷിക്കുന്നവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.
ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ലാ
കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ദിശ പ്രോജക്ട് ഡയറക്ടര്‍ സായൂജ്യ, നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എ ജയ, കേന്ദ്ര റോഡ് ഗതാഗതവും ദേശീപാതയും മന്ത്രാലയത്തെ പ്രതിനിധീകരിച്ച് എഞ്ചിനീയര്‍ ധനപാലന്‍,     ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീജ തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ജോണ്‍ കെന്നത്ത്, റോഷ്‌മോന്‍, രഞ്ജുബാലന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കീര്‍ത്തി, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ ലാല്‍ പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date