ദേശീയ വിരവിമുക്ത ദിനം ഇന്ന് (ഫെബ്രുവരി 25): ജില്ലയിലെ 5,86,349 കുട്ടികള്‍ക്ക് വിരഗുളിക നല്‍കും
ഇന്ന് (ഫെബ്രുവരി 25) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 5,86,349 കുട്ടികള്‍ക്ക് ഇന്ന് (ഫെബ്രുവരി 25) അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. 'വിരവിമുക്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍' എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.
വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോഴും കളികളില്‍ ഏര്‍പ്പെടുമ്പോഴും ശുചിത്വമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോഴും ശരീരത്തില്‍ ധാരാളമായി വിരകള്‍ പ്രത്യേകിച്ച് കുട്ടികളില്‍ പ്രവേശിക്കുന്നുണ്ട്. ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ആഹാരത്തിലെ പോഷക മൂല്യത്തിന്റെ വലിയൊരു അളവ് ചോര്‍ത്തിയെടുക്കുന്നത് മൂലം കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രത നഷ്ടപ്പെടുക, തുടങ്ങിയവ അനുഭവപ്പെടുന്നു.
വിരബാധ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നത് അവരുടെ ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ശുചിത്വശീലങ്ങള്‍ കര്‍ശനമായി പാലിക്കുകയും ആറു മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി. സ്കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരും ക്ലാസ് ടീച്ചറുമാണ് ഗുളിക നല്‍കുക.
ഒരു വയസിനും രണ്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 എം ജി) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. രണ്ടു വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 എം ജി) ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്. പനിയോ മറ്റു അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളികകള്‍ കഴിക്കണം.
വിരക്കെതിരെയുള്ള ഗുളിക ഒരാഴ്ച മുമ്പുവരെ കഴിച്ച കുട്ടികളും വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ കഴിക്കണം. സ്കൂളുകളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും 19 ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആശപ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ നല്‍കും. ഇന്ന് (ഫെബ്രുവരി 25) ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ മാര്‍ച്ച് മൂന്നിന് നടക്കുന്ന സമ്പൂര്‍ണ വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ കഴിക്കണം. അങ്കണവാടികളിലും പ്ലേ സ്കൂളുകളിലും സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് വിരക്കെതിരെയുള്ള ഗുളികകള്‍ നല്‍കുന്നതാണ്. വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 25) ഉച്ചയ്ക്ക് 12.30 ന് കൊല്ലം തേവള്ളി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മേയര്‍ ഹണി ബഞ്ചമിന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയാകും ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, വകുപ്പുമേധാവികള്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണത്തിനുള്ള പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍
ഫെബ്രുവരി 25 വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ക്ലാസ്സുകളില്‍ ഉച്ചഭക്ഷണത്തിന് ശേഷമാണ് ഗുളികകള്‍ കുട്ടികള്‍ക്ക് കഴിക്കുവാന്‍ നല്‍കേണ്ടത്. ഇന്ന് (ഫെബ്രുവരി 25) ഹാജരാകാത്ത കുട്ടികള്‍ക്ക് സമ്പൂര്‍ണ വിരവിമുക്ത ദിനമായ മാര്‍ച്ച് മൂന്നിന് ഗുളിക നല്‍കും. പനിയുള്ളവര്‍, മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ നല്‍കേണ്ടതില്ല. രോഗം ഭേദമായ ശേഷമോ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശാനുസരണമോ ഗുളിക കഴിക്കാം.
ഉച്ചഭക്ഷണത്തിന് ശേഷമാണ് ഗുളിക കഴിക്കേണ്ടത്. ഗുളിക ചവച്ചരച്ച് കഴിച്ച ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണം കഴിക്കാതെ ഗുളിക കഴിക്കരുത്. ഒരു വയസിനും രണ്ട് വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് പകുതി ഗുളികയാണ് (200 എം ജി) നല്‍കേണ്ടത്. ശുദ്ധമായ ഒരു സ്പൂണ്‍ വെള്ളത്തില്‍ അലിയിച്ച് നല്‍കാം. രണ്ട് വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 എം ജി) ആണ് നല്‍കേണ്ടത്. ചവര്പ്പില്ലാത്ത, മധുരമുള്ള ഗുളികകളാണ് ഇവ. വെള്ളം ഇല്ലാതെതന്നെ ചവച്ചരച്ച് കഴിക്കുവാനാകുമെങ്കിലും ഗുളിക കഴിച്ചശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുവാന്‍ ആവശ്യപ്പെടണം.
ശരീരത്തില്‍ വിരയുടെ ആധിക്യമുള്ള കുട്ടികള്‍ക്ക് ഗുളിക കഴിച്ച ശേഷം ഛര്‍ദ്ദില്‍, ചെറിയപനി മുതലായ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുണ്ട്. വിരകള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണവ. കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം താനേ ഭേദമാകും.
- Log in to post comments